'തോൽവിക്ക് കാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യം'; എൽ.ഡി.എഫ് സർക്കാറിനെ വിമർശിച്ച് സമസ്ത മുഖപത്രം
|സർക്കാരിലും സി.പി.എമ്മിലും ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടമായെന്നും വിമര്‍ശനം
കോഴിക്കോട്: എൽ.ഡി.എഫ് സർക്കാരിന് വിമർശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. സർക്കാരിലും സി.പി.എമ്മിലും ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടമായെന്നും മുഖ്യമന്ത്രിയുടെ ധാർഷ്ട്യം തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചെന്നുമാണ് വിമർശനം.എസ്.എഫ്.ഐ അക്രമ രാഷ്ട്രീയവും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും സുപ്രഭാതത്തിന്‍റെ മുഖപ്രസംഗത്തിൽ പറയുന്നു.
ഭരണത്തിലുള്ള ഇടതുമുന്നണിയിലും നേതൃത്വം നൽകുന്ന സി.പി.എമ്മിലും ജനങ്ങൾക്കുണ്ടായിരുന്ന വിശ്വാസത്തിൽ വലിയ ഇടിവ് സംഭവിച്ചിരിക്കുന്നു. ജനമനസുകളിൽനിന്ന് എന്തുകൊണ്ട് എൽ.ഡി.എഫ് പിഴുതെറിയപ്പെട്ടു എന്നത് വിശകലന വിധേയമാക്കേണ്ടതാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്ട്യത്തിൽ തുടങ്ങി എസ്.എഫ്.ഐയുടെ അക്രമരാഷ്ട്രീയം വരെ നീളുന്ന എണ്ണിയെണ്ണി പറയാവുന്ന ഒരുപാട് ഘടകങ്ങളുടെ അനന്തരഫലമാണ് 18ാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളം എഴുതിയ വിധിയെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
തൊഴിലാളി പാർട്ടിയായ സി.പി.എം എത്രമാത്രം സാധാരണ ജനങ്ങളിൽനിന്ന് അകന്നുവെന്നാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്ന മറ്റൊരു പാഠം. തുടർച്ചയായി സർക്കാരും സി.പി.എമ്മും എടുക്കുന്ന ജനവിരുദ്ധ നിലപാടുകളും നയങ്ങളും അതിരൂക്ഷമായ വിമർശനങ്ങൾക്ക് കഴിഞ്ഞ കുറെ നാളുകളായി ഇടയാക്കിയിരുന്നു. ജനഹിതം എതിരാണെന്ന് അറിഞ്ഞിട്ടും അതേ നയങ്ങൾ തുടരാനായിരുന്നു സർക്കാർ ശ്രദ്ധ ചെലുത്തിയതെന്നും വിമര്‍ശനമുണ്ട്.