'കേസ് ഉടൻ തീർപ്പാക്കണം'; വെള്ളറട ആദിവാസി ഭൂമിയിലെ ക്വാറികൾക്കെതിരെ സുപ്രിംകോടതി
|കേസുകൾ പരിഗണിക്കാതെ നീട്ടിവെക്കുന്ന വിവരം മീഡിയവൺ പുറത്ത് കൊണ്ടുവന്നിരുന്നു
തിരുവനന്തപുരം: വെള്ളറടയിലെ ആദിവാസി ഭൂമിയിലെ പാറമടകൾക്കേതിരെ സുപ്രിംകോടതിയുടെ ഇടപെടൽ. കേസുകൾ ഉടനടി തീർപ്പാക്കണമെന്ന് ഹൈക്കോടതിക്ക് നിർദേശം നൽകി . കേസുകൾ പരിഗണിക്കാതെ നീട്ടിവെക്കുന്ന വിവരം മീഡിയവൺ പുറത്ത് കൊണ്ടുവന്നിരുന്നു.
ആദിവാസികൾക്ക് പട്ടയം നൽകിയ ഭൂമിയിൽ വ്യാജ രേഖകളുടെ പിൻബലത്തിൽ വെള്ളറടയിൽ പ്രവർത്തിക്കുന്ന ക്വാറിക്കെതിരെയാണ് സുപ്രിംകോടതി ഇടപെടൽ. ക്വാറി പ്രവർത്തിക്കുന്ന ഭൂമി ആദിവാസികളുടേതാണ് എന്നു കാട്ടി വെള്ളറടയിലെ നാട്ടുകാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേസുകൾ അനന്തമായി നീട്ടിവെക്കുകയായിരുന്നു. ഇത് തുടർന്നാണ് നാട്ടുകാർ സുപ്രിംകോടതിയിൽ എത്തിയത്. കേസുകൾ ഉടനടി പരിഗണിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ സുപ്രിംകോടതി ഹൈക്കോടതിയുടെ ആവശ്യപ്പെട്ടു. വിധിയുടെ പകർപ്പ് ഹൈക്കോടതി രജിസ്ട്രാർ ജനറൽ അയച്ചു കൊടുക്കും.
റവന്യൂ വകുപ്പ് സഹകരിക്കാത്തത് കേസ് അനന്തമായി നീളുന്നതിന് കാരണമായിരുന്നു. വർഷങ്ങൾക്കു മുമ്പ് വെള്ളറട പ്രദേശത്തെ കാണി വിഭാഗത്തിലുള്ള ആദിവാസികൾക്ക് പട്ടയം നൽകിയ ഭൂമിയിലാണ് ക്വാറി പ്രവർത്തിക്കുന്നത്. ഇത് ഭൂമി ഭൂ നിയമങ്ങളുടെ ലംഘനമാണ്.ക്വാറി പ്രവർത്തിക്കുന്നത് പട്ടയ ഭൂമിയിൽ അല്ല എന്ന് വ്യാജ രേഖയുണ്ടാക്കിയത് റവന്യൂ ഉദ്യോഗസ്ഥരാണെന്നാണ് ആരോപണം.