Kerala
Supreme Court sent notice to KM Shaji in Plus Two corruption case, Supreme Court notice to KM Shaji, KM Shaji Plus Two corruption case, KM Shaji

കെ.എം ഷാജി

Kerala

പ്ലസ്ടു കോഴക്കേസ്: കെ.എം ഷാജിക്ക് സുപ്രിംകോടതി നോട്ടീസ്

Web Desk
|
17 July 2023 10:50 AM GMT

ഷാജിക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് കോടതി നടപടി

ന്യൂഡൽഹി: മുസ്‍ലിം ലീഗ് നേതാവ് കെ.എം ഷാജിക്ക് സുപ്രിംകോടതി നോട്ടീസ്. പ്ലസ്ടു കോഴക്കേസിൽ സർക്കാർ സമർപ്പിച്ച അപ്പീലിലാണ് കോടതിയുടെ ഇടപെടൽ. എഫ്.ഐ.ആർ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സർക്കാർ അപ്പീൽ നൽകിയിരുന്നത്.

അഴീക്കോട് സ്‌കൂളിൽ പ്ലസ്ടു ബാച്ച് അനുവദിക്കാൻ ഷാജി 25 ലക്ഷം രൂപ കോഴ കൈപ്പറ്റിയെന്ന കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. എന്നാൽ, ഷാജിക്കെതിരായ അന്വേഷണം പരാതിയുടെ അടിസ്ഥാനത്തിലാണെന്നും പരാതി വസ്തുതാപരമാണെന്നുമാണ് സർക്കാർ വാദം. കോഴ നൽകിയെന്ന് രഹസ്യമൊഴിയുണ്ടെന്ന് സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.

ജൂൺ 19നാണ് കെ.എം ഷാജിക്കെതിരെ ഇ.ഡി രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസ് ഹൈക്കോടതി റദ്ദാക്കിയത്. സ്വത്ത് കണ്ടുകെട്ടിയത് ഉൾപ്പെടെ എല്ലാ നടപടികളും കോടതി റദ്ദാക്കിയിട്ടുണ്ട്. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്.

ഷാജിയുടെ ഭാര്യ ആശയുടെ പേരിലുള്ള 25 ലക്ഷം രൂപയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടിയിരുന്നു. കോഴിക്കോട് ചേവായൂർ മാലൂർകുന്നിലെ ഷാജിയുടെ വീടിനോടുചേർന്ന സ്ഥലത്തിനെതിരെയായിരുന്നു നടപടി. സ്ഥലം വാങ്ങി കള്ളപ്പണം വെളുപ്പിച്ചെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു നടപടി. എന്നാൽ, ഈ കേസിലാണ് ഇപ്പോൾ ഷാജിക്ക് ആശ്വാസവിധി ലഭിച്ചിരിക്കുന്നത്.

നേരത്തെ, അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് ഷാജിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രാദേശിക സി.പി.എം നേതാവിന്റെ പരാതിയിൽ വിജിലൻസ് കോടതി നിർദേശപ്രകാരമാണ് വിജിലൻസ് കേസെടുത്തിരുന്നത്. നേരത്തേ പ്ലസ്ടു കോഴക്കേസിലും ഷാജിക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കിയിരുന്നു.

Summary: Supreme Court sent notice to KM Shaji in Plus Two corruption case

Similar Posts