Kerala
മാവോയിസ്റ്റ് നേതാവ് രൂപേഷിന് സുപ്രിംകോടതി നോട്ടീസ്
Kerala

മാവോയിസ്റ്റ് നേതാവ് രൂപേഷിന് സുപ്രിംകോടതി നോട്ടീസ്

Web Desk
|
12 Aug 2022 7:37 AM GMT

രൂപേഷിനെതിരായ യുഎപിഎ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹരജിയിലാണ് കോടതി നോട്ടീസ് അയച്ചത്

ഡല്‍ഹി: മാവോയിസ്റ്റ് നേതാവ് രൂപേഷിന് സുപ്രിംകോടതി നോട്ടീസ്. രൂപേഷിനെതിരായ യുഎപിഎ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹരജിയിലാണ് കോടതി നോട്ടീസ് അയച്ചത്. കേസ് അടുത്തമാസം 19ന് പരിഗണിക്കും.

കഴിഞ്ഞ മാര്‍ച്ചിലാണ് രൂപേഷിനെതിരെ ചുമത്തിയ യു.എ.പി.എ ഹൈക്കോടതി റദ്ദാക്കിയത്. കുറ്റ്യാടി, വളയം പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത മൂന്ന് യു.എ.പി.എ കേസുകളാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.നിരോധിത സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തുവെന്നാരോപിച്ച് 2013 ല്‍ കുറ്റ്യാടി പോലീസ് സ്റ്റേഷനില്‍ രണ്ടു കേസുകളും 2014 ല്‍ വളയം പൊലീസ് സ്റ്റേഷനില്‍ ഒരു കേസുമാണ് രൂപേഷിനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നത്. യു.എ.പി.എക്ക് പുറമെ രൂപേഷിനെതിരെ രാജ്യദ്രോഹക്കുറ്റവും ചുമത്തിയിരുന്നു. ഇതാണ് ഹൈക്കോടതി റദ്ദാക്കിയത്.

മൂന്നു കേസുകളിലും കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് രൂപേഷ് നൽകിയ ഹരജി നേരത്തെ സിംഗിൾ ബെഞ്ച് അനുവദിച്ചിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിനോട് വിഷയം പരിശോധിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് കേസില്‍ ഡിവിഷന്‍ ബെഞ്ച് വാദം കേട്ട് വിധി പറഞ്ഞത്. തോക്കും മറ്റ് മാരകായുധങ്ങളുമായി മാവോയിസ്റ്റ് ലഘുലേഖകൾ വിതരണം ചെയ്തെന്നാരോപിച്ചുള്ള കേസുകളാണ് രൂപേഷിനെതിരെയുള്ളത്. ഈ കേസുകളിൽ യു.എ.പി.എ നിയമപ്രകാരമുള്ള പ്രോസിക്യൂഷൻ അനുമതി നൽകുന്നതിൽ അധികൃതർ കാലതാമസം വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് രൂപേഷ് ഹരജി നല്‍കിയത്.



Similar Posts