സാങ്കേതിക സർവകലാശാല വി.സി നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന് സുപ്രിംകോടതി നിരീക്ഷണം
|വൈസ് ചാൻസലറുടെ കാലാവധി ഫെബ്രുവരിയിൽ പൂർത്തിയാവുമെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ ഫെബ്രുവരിയിൽ കാലാവധി പൂർത്തിയാകുന്ന വ്യക്തി നേരത്തെ പിരിഞ്ഞു പോയാൽ കുഴപ്പമുണ്ടോയെന്ന് ജസ്റ്റിസ് എം.ആർ ഷാ ചോദിച്ചു.
ന്യൂഡൽഹി: സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലറായി ഡോ. രാജശ്രീ എം.എസിനെ നിയമിച്ചത് യുജിസി ചട്ടപ്രകാരമല്ലെന്ന് സുപ്രിംകോടതിയുടെ നിരീക്ഷണം. വി.സി നിയമനത്തിന് ചാൻസലർക്ക് പാനൽ കൈമാറുന്നതിന് പകരം ഒരു വ്യക്തിയുടെ പേര് മാത്രമാണ് കൈമാറിയതെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് എം.ആർ ഷാ അധ്യക്ഷനായ ബെഞ്ചാണ് നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിച്ചത്.
കൊച്ചി സർവകലാശാലയിലെ മുൻ ഡീൻ പി.എസ് ശ്രീജിത്ത് ആണ് വി.സി നിയമനം ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. 2013 ലെ യുജിസി ചട്ടങ്ങൾ ലംഘിച്ചാണ് നിയമനമെന്ന് ശ്രീജിത്തിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എന്നാൽ യുജിസി ചട്ടങ്ങൾ പ്രകാരം സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തിൽ നിയമനം നടത്താൻ അധികാരമുണ്ടെന്ന് രാജശ്രീയുടെയും സംസ്ഥാന സർക്കാറിന്റെയും അഭിഭാഷകർ ചൂണ്ടിക്കാട്ടി.
വൈസ് ചാൻസലറുടെ കാലാവധി ഫെബ്രുവരിയിൽ പൂർത്തിയാവുമെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ ഫെബ്രുവരിയിൽ കാലാവധി പൂർത്തിയാകുന്ന വ്യക്തി നേരത്തെ പിരിഞ്ഞു പോയാൽ കുഴപ്പമുണ്ടോയെന്ന് ജസ്റ്റിസ് എം.ആർ ഷാ ചോദിച്ചു. രാജശ്രീക്ക് വേണ്ടി അഡ്വ. പി.വി ദിനേശാണ് ഹാജരായത്. സംസ്ഥാന സർക്കാറിന് വേണ്ടി സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, സ്റ്റാന്റിങ് കോൺസൽ ഹർഷദ് വി. ഹമീദ് എന്നിവർ ഹാജരായി. അഭിഭാഷകരായ ഡോ. അമിത് ജോർജ്, മുഹമ്മദ് സ്വാദിഖ്, ആലിം അൻവർ എന്നിവരാണ് ഹരജിക്കാരനായ ശ്രീജിത്തിന് വേണ്ടി ഹാജരായത്.