'നിർമാണ പ്രവർത്തനങ്ങൾക്ക് സമ്പൂർണ വിലക്കേർപ്പെടുത്താനാവില്ല': ബഫർസോണിൽ സുപ്രിംകോടതി
|കേരളത്തിന്റെ ആശങ്കയെ കേന്ദ്രം സുപ്രീം കോടതിയിൽ പിന്തുണച്ചു
ന്യൂഡൽഹി: ബഫർ സോണിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സമ്പൂണ വിലക്ക് ഏർപ്പെടുത്താനാവില്ലെന്ന് സുപ്രീംകോടതി. നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത് വലിയ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ടെന്ന അമിക്കസ്ക്യൂറിയുടെയും കേന്ദ്രസര്ർക്കാരിന്റെയും വാദത്തിലാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. കേരളത്തിന്റെ ആശങ്കയെ കേന്ദ്രം സുപ്രീംകോടതിയിൽ പിന്തുണച്ചിരുന്നു.
ബഫർസോൺ വിഷയത്തിൽ ഇന്ന് അമിക്കസ് ക്യൂറിയുടെയും കേന്ദ്ര സർക്കാരിന്റെയും വാദമാണ് സുപ്രിംകോടതിയിൽ നടന്നത്. ജൂൺ 3നിറക്കിയ സുപ്രിംകോടതി ഉത്തരവിൽ ഭേദഗതി വരുത്തണമെന്നായിരുന്നു പ്രധാന ആവശ്യം. വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ഒരു കിലോമീറ്റർ പരിധി ബഫർ സോൺ ആയി ആയി പ്രഖ്യാപിക്കണമെന്നും ഇവിടങ്ങളിലെ ഖനന,നിർമാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കണമെന്നുമായിരുന്നു കോടതി ഉത്തരവ്.
ഈ ഉത്തരവ് വന്യജീവി സങ്കേതത്തിന് സമീപം താമസിക്കുന്നവരെ വലിയ രീതിയിൽ ബാധിക്കുന്നുണ്ടെന്നും ഒപ്പം നിർമാണപ്രവർത്തനങ്ങളടക്കം നിർത്തി വയ്ക്കേണ്ട സാഹചര്യമാണെന്നും കേന്ദ്രസർക്കാരും അമിക്കസ് ക്യൂറിയും കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് സുപ്രിംകോടതിയുടെ ഭാഗത്ത് നിന്നും നിരീക്ഷണങ്ങളുണ്ടായത്.
സമ്പൂർണ നിയന്ത്രണം എന്നത് പ്രായോഗികമല്ലെന്ന് വ്യക്തമാക്കിയ സുപ്രിംകോടതി ഉദ്ദേശിച്ചത് നിർമാണ പ്രവർത്തനങ്ങളുടെ പൂർണ വിലക്കല്ല എന്നും കൂട്ടിച്ചേർത്തു. കേസിൽ നാളെയും വാദം തുടരും. കേന്ദ്രസർക്കാരിന്റെ ഹരജിക്കൊപ്പം ചേരണമെന്ന കേരളത്തിന്റെ അപേക്ഷ കോടതി നാളെ പരിഗണിക്കും.