Kerala
കെ റെയിലിലെ സുപ്രീം കോടതി ഉത്തരവ് തിരിച്ചടിയല്ല, കല്ലിട്ടാൽ ഇനിയും പിഴുതെറിയും: രമേശ് ചെന്നിത്തല
Kerala

കെ റെയിലിലെ സുപ്രീം കോടതി ഉത്തരവ് തിരിച്ചടിയല്ല, കല്ലിട്ടാൽ ഇനിയും പിഴുതെറിയും: രമേശ് ചെന്നിത്തല

Web Desk
|
28 March 2022 9:03 AM GMT

സർവേ നടത്തുന്നതിന് പ്രതിപക്ഷം എതിരല്ലെന്നും സർവെയുടെ ഭാഗമായി ഭൂമി ഏറ്റെടുക്കുന്നതിനെയാണ് എതിർക്കുന്നതെന്നും രമേശ് ചെന്നിത്തല

കെ-റെയിലിലെ സുപ്രീം കോടതിയുടെ ഉത്തരവ് തിരിച്ചടിയല്ലെന്നും സർവേ കല്ലിട്ടാൽ ഇനിയും പിഴുതെറിയുമെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിൽവർലൈൻ സർവേ ചോദ്യം ചെയ്ത ഹരജി സുപ്രീംകോടതി തള്ളിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റ പ്രതികരണം. ഭൂവുടമകൾ സമർപ്പിച്ച ഹരജിയാണ് സുപ്രീം കോടതി തള്ളിയത്.

സർവേ നടത്തുന്നതിന് പ്രതിപക്ഷം എതിരല്ലെന്നും സർവേയുടെ ഭാഗമായി ഭൂമി ഏറ്റെടുക്കുന്നതിനെയാണ് എതിർക്കുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. അതേസമയം സർവെയുടെ കാര്യത്തിൽ എന്തിനാണ് മുൻധാരണയെന്ന് സുപ്രീംകോടതി ചോദിച്ചു. സർവേക്ക് അനുമതി നൽകിയ ഹൈക്കോടതി ഉത്തരവിൽ ഇടപെടില്ലെന്നും കോടതി അറിയിച്ചു.

ഭൂമി ഏറ്റെടുക്കുന്നതിനായുള്ള സർവെ റദ്ദാക്കണമെന്നും അതിരടയാള കല്ല് സ്ഥാപിക്കുന്നത് തടയണമെന്നുമായിരുന്നു ഹരജിയിലെ പ്രധാന ആവശ്യം. ഭൂനിയമ പ്രകാരവും സർവേ ആൻഡ് ബോർഡ് ആക്ട് പ്രകാരവും സർക്കാരിന് സർവേ നടത്താൻ അധികാരം ഉണ്ടെന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചിൻറെയും ഡിവിഷൻ ബെഞ്ചിൻറെയും വിധി. ഇത് ചോദ്യം ചെയ്താണ് സ്ഥല ഉടമകൾ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ്സ് എം.ആർ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

കെ റെയിലെന്ന് രേഖപ്പെടുത്തിയ കല്ലിടാൻ ഡിവിഷൻ ബഞ്ച് എപ്പോഴാണ് അനുമതി നൽകിയിട്ടുള്ളതെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ചോദിച്ചു. കല്ലുകൾ സ്ഥാപിക്കുന്നത് തടഞ്ഞ സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കിയിട്ടുണ്ടോ? റദ്ദാക്കിയിട്ടുണ്ടെങ്കിൽ ഡിവിഷൻ ബഞ്ചിൻറെ ഉത്തരവ് എവിടെയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. ജനങ്ങളെ ഭയപ്പെടുത്താതെ നിയമപ്രകാരം പദ്ധതിയുമായി മുന്നോട്ട് പോകണമെന്നും സിംഗിൾ ബെഞ്ച് നിർദേശിച്ചു.

Similar Posts