പീഡനക്കേസ്: മലപ്പുറത്തെ കരാട്ടെ അധ്യാപകന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിംകോടതി
|കേസിന്റെ സ്വഭാവവും ഗൗരവവും പരിഗണിച്ചാണ് നടപടി.
ന്യൂഡൽഹി: മലപ്പുറത്ത് കരാട്ടെയുടെ മറവിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ലൈംഗീകപീഡനത്തിന് ഇരയാക്കിയ കേസിൽ അധ്യാപകന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിംകോടതി. കരാട്ടെ അധ്യാപകൻ സിദ്ദിഖ് അലിയുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
ജസ്റ്റിസ് ഹൃഷികേശ് റോയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. കേസിന്റെ സ്വഭാവവും ഗൗരവവും പരിഗണിച്ചാണ് നടപടി.
കഴിഞ്ഞ ഫെബ്രുവരി 19നാണ് ചാലിയാർ പുഴയിൽ 17കാരിയെ പുഴയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് നിരവധി പെൺകുട്ടികൾ പ്രതിക്കെതിരെ പീഡന പരാതിയുമായി രംഗത്തുവരികയും ആറ് കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. കാപ കേസടക്കം ഇയാൾക്കെതിരെ ചുമത്തുകയും ചെയ്തു.
തുടർന്നാണ് പ്രതി ജാമ്യാപേക്ഷയുമായി സുപ്രിംകോടതിയെ സമീപിച്ചത്. 17കാരി കൊല്ലപ്പെട്ട കേസിൽ അന്വേഷണം നടക്കുകയും സിദ്ദീഖ് അലി തന്നെയാണ് കൊലയ്ക്ക് പിന്നിലെന്ന് കുടുംബം ആവർത്തിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേസിന്റെ സ്വഭാവവും ഗൗരവവും പരിഗണിച്ച് പ്രതിക്ക് ജാമ്യം നിഷേധിച്ചിരിക്കുന്നത്.