തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് സുപ്രിംകോടതി പരിഗണിക്കും; നടപടി സ്റ്റേ ചെയ്യണമെന്ന് കെ ബാബു
|മതചിഹ്നങ്ങൾ ദുരുപയോഗം ചെയ്താണ് കെ ബാബു തെരഞ്ഞെടുപ്പ് വിജയം നേടിയതെന്നാണ് എം സ്വരാജ് നൽകിയ കേസ്
ഡൽഹി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍, ഹൈക്കോടതി കേസ് പരിഗണിക്കുന്നതിന് മുന്‍പ് കേസ് പരിഗണിക്കാമെന്ന് സുപ്രീംകോടതി. എം സ്വരാജ് നല്കിയ തിരഞ്ഞെടുപ്പ് ഹരജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി വിധിക്കെതിരായ കെ ബാബുവിന്റെ അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. തെരഞ്ഞെടുപ്പ് ഹരജിയിൽ വാദം തുടരുകയാണെന്നും ഹൈക്കോടതിയിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് കെ ബാബുവിന്റെ അഭിഭാഷകന് ഉന്നയിച്ചപ്പോളാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.
മതചിഹ്നങ്ങൾ ദുരുപയോഗം ചെയ്താണ് കെ ബാബു തെരഞ്ഞെടുപ്പ് വിജയം നേടിയതെന്നാണ് സ്വരാജ് നൽകിയ കേസ്. ഇതിനെതിരെ കെ ബാബു നൽകിയ അപ്പീലാണ് സുപ്രിംകോടതി പരിഗണിച്ചത്. കേസുമായി ബന്ധപ്പെട്ട വാദങ്ങളിലെ ന്യൂനതകൾ കെ ബാബുവിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ഹൈക്കോടതി ഇതിന് വേണ്ടത്ര പരിഗണന നൽകിയിരുന്നില്ലെന്നും അഭിഭാഷകൻ സുപ്രിംകോടതിയെ അറിയിച്ചു.
തുടർന്ന് നിലവിൽ കേട്ടുകൊണ്ടിരിക്കുന്ന ഹൈക്കോടതിയുടെ വാദം സുപ്രിംകോടതി പരിഗണിക്കുന്നത് വരെ നിർത്തിവെക്കാൻ സുപ്രിംകോടതി നിർദേശിക്കുകയായിരുന്നു. കേസ് ബുധനാഴ്ചയിലേക്ക് പരിഗണിക്കാൻ മാറ്റി.