Kerala
സുപ്രിം കോടതി വിധി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടി, ശിവന്‍കുട്ടി രാജിവെക്കണം വി.ഡി സതീശന്‍
Kerala

'സുപ്രിം കോടതി വിധി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടി, ശിവന്‍കുട്ടി രാജിവെക്കണം' വി.ഡി സതീശന്‍

Web Desk
|
28 July 2021 5:55 AM GMT

നിയസഭ തല്ലിതകര്‍ക്കാന്‍ നേതൃത്വം കൊടുത്തശിവന്‍കുട്ടിയെപോലെയൊരാള്‍ മന്ത്രിസഭക്ക് ഭൂഷണമല്ലെന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു

നിയമസഭാ കയ്യാങ്കളിക്കേസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള ആറു പ്രതികള്‍ വിചാരണ നേരിടണമെന്ന സുപ്രിംകോടതി വിധി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയെന്ന് പ്രതിപക്ഷം. നിയമസഭയിലെ അക്രമങ്ങളില്‍ ജനപ്രതിനിധികള്‍ക്ക് നിയമപരിരക്ഷ നല്‍കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് പിൻവലിക്കാനുള്ള സർക്കാരിന്‍റെ ആവശ്യം തള്ളിയത്. സുപ്രിം കോടതി അന്തിമവിധി കല്‍പിച്ച സാഹചര്യത്തില്‍ മന്ത്രി ശിവന്‍കുട്ടി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അഭിപ്രായപ്പെട്ടു. നിയസഭ തല്ലിതകര്‍ക്കാന്‍ നേതൃത്വം കൊടുത്തശിവന്‍കുട്ടിയെപോലെയൊരാള്‍ മന്ത്രിസഭയില്‍ ഭൂഷണമല്ലെന്നും അദ്ദേഹം തുറന്നടിച്ചു.

എന്നാല്‍ സംഭവച്ചതില്‍ കുറ്റബോധമില്ലെന്നും കോടതി വിധി അംഗീകരിക്കുന്നതായും മന്ത്രി ശിവന്‍കുട്ടി പ്രതികരിച്ചു. വിചാരണക്കോടതിയില്‍ നിരപരാധിത്വം തെളിയിക്കും. കോടതി എംഎല്‍എമാരുടെ പേര് പറഞ്ഞിട്ടില്ല. രാജി വയ്ക്കേണ്ട സാഹചര്യവുമില്ല- മന്ത്രി കൂട്ടിച്ചേര്‍ത്തു.

സഭയില്‍ നടന്നത് പ്രതിഷേധമാണ് എന്ന സര്‍ക്കാര്‍ വാദം നിരാകരിച്ചു കൊണ്ടായിരുന്നു കോടതിവിധി. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, എംആർ ഷാ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റേതാണ് സുപ്രധാന വിധി.'ഇന്ത്യൻ ഭരണഘടനയ്ക്ക് കീഴിലുള്ള പ്രിവിലേജുകളുടെ ചരിത്രത്തിലൂടെ ഞാൻ കടന്നു പോയി. പദവികളും വിശേഷാധികാരവും ഉത്തരവാദിത്വ നിർവഹണത്തിന് മാത്രമാണ്. ക്രിമിനൽ നിയമത്തിൽ നിന്ന് ഇളവു നൽകാനുള്ള ഗേറ്റ് വേയല്ല. അങ്ങനെയെങ്കിൽ അത് പൗരന്മാരോടുള്ള വഞ്ചനയാണ്. വകുപ്പ് 19(1)എ എല്ലാവർക്കും ആവിഷ്‌കാര സ്വാതന്ത്ര്യം നൽകുന്നുണ്ട്. ആർട്ടിക്കിൾ 101 പാർലമെന്റിനും സംസ്ഥാന നിയമസഭകൾക്കകത്തും സ്വാതന്ത്ര്യം വകവച്ചു നൽകുന്നു. നരസിംഹറാവു വിധിയെ സർക്കാർ തെറ്റായി വ്യാഖാനിക്കുകയായിരുന്നു. സഭയിൽ നടന്നത് പ്രതിഷേധമാണ് എന്ന് പറയാൻ ആകില്ല. ജനപ്രതിനിധികൾ ഭരണഘടനയുടെ രേഖകൾ മറികടന്നു. അവർക്ക് പരിരക്ഷ ലഭിക്കില്ല' - കോടതി വ്യക്തമാക്കി.

'സ്വത്ത് നശിപ്പിക്കുന്നത് സഭയ്ക്കകത്തെ ആവിഷ്‌കാര ്‌സ്വാതന്ത്ര്യമല്ല. കേസ് പിൻവലിക്കുന്നത് ക്രിമിനൽ നിയമത്തിൽ നിന്ന് പ്രതികൾക്ക് ഇളവു നൽകാൻ ഇട വരുത്തും. സംസ്ഥാന നിയമസഭയിൽ പൊതുജനം അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കേണ്ടതുണ്ട്' - കോടതി വ്യക്തമാക്കി.ശിവൻകുട്ടിക്ക് പുറമെ കെ.ടി ജലീൽ, ഇ.പി ജയരാജൻ, കുഞ്ഞഹമ്മദ് മാസ്റ്റർ, സി.കെ സദാശിവൻ, കെ. അജിത്ത് എന്നിവർ വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. വിധി വന്നതോടെ സര്‍ക്കാര്‍ വിഷയത്തില്‍ പ്രതിരോധത്തിലായി.


Similar Posts