മാധ്യമ സ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ച വിധി: ഐ.എൻ.എൽ
|മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാൻ എല്ലാവരും ജാഗരൂകരാകണമെന്നും വെല്ലുവിളികൾ അവസാനിച്ചിട്ടില്ലെന്നും ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു.
കോഴിക്കോട്: അഭിപ്രായ-ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കാൻ കേരളീയ സമൂഹം ഒറ്റക്കെട്ടായി പോരാടിയതിന്റെ ഫലമാണ് മീഡിയവണിന് എതിരായ വിലക്ക് നീക്കിക്കൊണ്ടുള്ള സുപ്രിംകോടതി വിധിയെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു.
ഭരണാധികാരികളുടെ ഇംഗിതങ്ങൾക്കൊത്ത് രൂപപ്പെടുത്തേണ്ടതല്ല മാധ്യമ സ്വാതന്ത്ര്യമെന്നും വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള സ്വാതന്ത്ര്യം നിയന്ത്രണങ്ങൾക്കപ്പുറമാണെന്നും കോടതിവിധി ഓർമപ്പെടുത്തുന്നു. ജനാധിപത്യത്തിന്റെ ജീവവായുവാണ് മാധ്യമ സ്വാതന്ത്ര്യം. അത് സംരക്ഷിക്കാൻ സിവിൽ സമൂഹം എന്നും ജാഗരൂകരാവണമെന്നും വെല്ലുവിളികൾ അവസാനിച്ചിട്ടില്ലെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
2022 ജനുവരി 31ന് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിലക്കാണ് സുപ്രിംകോടതി റദ്ദാക്കിയത്. കേന്ദ്രനടപടി ശരിവെച്ച ഹൈക്കോടതി ഉത്തരവും സുപ്രിംകോടതി റദ്ദാക്കി. സർക്കാർ നയങ്ങൾക്ക് എതിരായ വാർത്തകളുടെ പേരിൽ മീഡിയവൺ രാജ്യവിരുദ്ധമാണ് എന്ന് പറയാൻ പറ്റില്ല. ഇങ്ങനെ പറയുന്നത് മാധ്യമങ്ങൾ എപ്പോഴും സർക്കാരിനെ പിന്തുണയ്ക്കണമെന്ന ധാരണ സൃഷ്ടിക്കും. ഇത് അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്ന ഭരണഘടനാ അവകാശത്തിന് വിരുദ്ധമാണ്. ആരോഗ്യകരമായ ജനാധിപത്യത്തിന് സ്വതന്ത്ര മാധ്യമങ്ങൾ അനിവാര്യമാണ്. കടുത്ത യാഥാർഥ്യങ്ങളെക്കുറിച്ചും പൗരൻമാരെ അറിയിക്കേണ്ട ബാധ്യത മാധ്യമങ്ങൾക്കുണ്ടെന്നും സുപ്രിംകോടതി വ്യക്തമാക്കി.
അധിക്ഷേപകരവും നിരുത്തരവാദപരവുമായ രീതിയിലാണ് കേന്ദ്ര സർക്കാർ മീഡിയവൺ കേസിൽ രാജ്യസുരക്ഷാ പ്രശ്‌നം ഉന്നയിച്ചത്. രാജ്യസുരക്ഷാ പ്രശ്‌നം അടിസ്ഥാന രഹിതമായി ഉന്നയിക്കാവുന്നതല്ല. അതിന് മതിയായ തെളിവുകളുടെ പിൻബലം വേണം. മീഡിയവണിന്റെ രാജ്യവിരുദ്ധതയുടെ തെളിവിന് കേന്ദ്ര സർക്കാർ അവലംബിക്കുന്നത്, സി.എ.എ - എൻ.ആർ.സി വാർത്തകളും കോടതി- സർക്കാർ വിമർശനങ്ങളുമാണ്. ഇത് ന്യായമായ വാദമല്ലെന്ന് കോടതി നിരീക്ഷിച്ചു.