സൂരജ് ക്രിമിനല്‍ മനസുള്ളയാള്‍;ഒരിക്കല്‍ പോലും പശ്ചാത്തപിച്ചില്ല
|ചോദ്യം ചെയ്യലിന്റെ ഒരു അവസരത്തില്‍ പോലും തങ്ങള്‍ കൊണ്ടുവന്ന തെളിവിനെക്കാള്‍ സൂരജ് ഇങ്ങോട്ട് കുറ്റം സമ്മതിക്കാന്‍ തയ്യാറായിട്ടില്ല
ഭാര്യയെ പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തുക..കേരളം ഞെട്ടലോടെയാണ് ആ വാര്‍ത്ത കേട്ടത്. ഭിന്നശേഷിക്കാരിയായ ഉത്രയെ ഒഴിവാക്കാന്‍ അത്ര ക്രൂരമായിട്ടാണ് ഭര്‍ത്താവ് സൂരജ് കൊലപാതകം ആസൂത്രണം ചെയ്തത്. ഉത്ര മരിച്ച് ഒരു വര്‍ഷവും 5 മാസവും 4 ദിവസവും തികയുമ്പോളാണ് കേസില്‍ ഇന്നു വിധി വരുന്നത്. ഇക്കാലയളവിലൊന്നും ഭാര്യയെ കൊലപ്പെടുത്തയതില്‍ പ്രതിയായ സൂരജിന് പശ്ചാത്തപമുണ്ടായിട്ടില്ലെന്ന് അന്വേഷണത്തിന്റെ ചുമതലയുണ്ടായിരുന്ന അന്നത്തെ കൊല്ലം റൂറല്‍ എസ്.പി ഹരിശങ്കര്‍ പറഞ്ഞു.
ഒരിക്കല്‍ പോലും സൂരജിന് പശ്ചാത്താപമുണ്ടായിരുന്നില്ല. ചോദ്യം ചെയ്യലിന്റെ ഒരു അവസരത്തില്‍ പോലും തങ്ങള്‍ കൊണ്ടുവന്ന തെളിവിനെക്കാള്‍ സൂരജ് ഇങ്ങോട്ട് കുറ്റം സമ്മതിക്കാന്‍ തയ്യാറായിട്ടില്ല. ഇത്രയും നാളും കസ്റ്റഡിയിലായിരുന്നിട്ടും അയാള്‍ക്കൊരു മനംമാറ്റം ഉണ്ടായില്ലെന്നാണ് ബോധ്യപ്പെട്ടത്. ശാസ്ത്രീയമായ തെളിവ് കൊണ്ടുവരുമ്പോള്‍ ആ ഭാഗം മാത്രം സമ്മതിക്കും. അതിന് ശേഷം അന്വേഷണത്തിന്റെ ഏറ്റവും അവസാനത്തിലാണ് കുറ്റം പൂര്‍ണ്ണമായും സമ്മതിക്കേണ്ടി വന്നത്. വളരെ കൃത്യമായി കുറ്റം ഒളിപ്പിക്കാനും കള്ള മൊഴികള്‍ നല്‍കാനും പ്ലാന്‍ ചെയ്യാനും കഴിയുന്ന ക്രിമിനല്‍ മനസിന്റെ ഉടമയാണ് സൂരജ് എന്നതില്‍ യാതൊരു സംശയവുമില്ലെന്നും എസ്.പി പറഞ്ഞു.
കഴിഞ്ഞ വർഷം മേഴ് ഏഴിനാണ് അഞ്ചൽ ഏറത്തെ വീട്ടിൽ ഉത്രയെ പാമ്പുകടിയേറ്റു മരിച്ച നിലയിൽ കണ്ടത്. റെക്കോർഡ് വേഗത്തിലാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചതും വിചാരണ പൂർത്തിയാക്കിയതും. ഉത്രയെ കടിച്ച പാമ്പിനെ പുറത്തെടുത്തു പോസ്റ്റുമോർട്ടം നടത്തിയും മൂർഖൻ പാമ്പിനെ ഉപയോഗിച്ചുള്ള ഡമ്മി പരിശോധന നടത്തിയും പഴുതടച്ച അന്വേഷണമാണ് കേസിൽ നടന്നത്. പൊലീസ് വിദ്യാർഥികൾക്കുള്ള സിലബസിൽ പോലും ഇടം പിടിച്ച അന്വേഷണമാണ് ഉത്ര കേസിന്റേത്.