വഖഫ് പരാമർശത്തെക്കുറിച്ച് ചോദ്യം; മാധ്യമപ്രവർത്തകനെ മുറിയിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി സുരേഷ് ഗോപി
|മാധ്യമപ്രവർത്തകനെ വിളിച്ചുവരുത്തിയത് വീഡിയോയിൽ പകർത്താൻ സുരേഷ് ഗോപിയുടെ ഗൺമാൻ ശ്രമിച്ചു
തിരുവനന്തപുരം: വഖഫ് വിഷയത്തിലെ വിവാദ പരാമർശത്തെക്കുറിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനെ മുറിയിലേക്ക് വിളിച്ചുവരുത്തി കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി ഭീഷണിപ്പെടുത്തി. 24 ന്യൂസ് ചാനലിലെ തിരുവനന്തപുരം റിപ്പോർട്ടറെയാണ് ഭീഷണിപ്പെടുത്തിയത്. ചോദ്യത്തിന് ഉത്തരം നൽകാൻ സൗകര്യമില്ലെന്ന് സുരേഷ് ഗോപി മാധ്യമപ്രവർത്തകനോട് പറഞ്ഞു. മാധ്യമപ്രവർത്തകനെ വിളിച്ചുവരുത്തിയത് വീഡിയോയിൽ പകർത്താൻ സുരേഷ് ഗോപിയുടെ ഗൺമാൻ ശ്രമിച്ചു.
അതേസമയം വിവാദ പരാമര്‍ശത്തില്‍ കേസ് എടുക്കാത്തതിനെ വിമർശിച്ച് സിപിഐ മുഖപത്രം ജനയുഗം രംഗത്തെത്തി. ''കഴിഞ്ഞ ദിവസം സുരേഷ് ഗോപി കിരാതം ഗോപിയുടെ വേഷം എടുത്തണിഞ്ഞു. വഖഫ് ബോര്‍ഡിന്‍റെ പേരുപോലും പറയാതെ ബോര്‍ഡിനെ കിരാതമെന്ന വിളിപ്പേരിട്ട സുരേഷ് ചീറ്റിയ മുസ്‍ലിം വിദ്വേഷ വിഷം രാജ്യദ്രോഹക്കുറ്റം ചുമത്താവുന്നതായിരുന്നു. എങ്കിലും പൊലീസ് കേസെടുത്തില്ല'' ലേഖനത്തില്‍ പറയുന്നു.
വഖഫ് ബോര്‍ഡ് കിരാതമാണെന്നും അതിനെ പൂട്ടിക്കെട്ടുമെന്നുമായിരുന്നു സുരേഷ്ഗോപി പറഞ്ഞത്. വയനാട്ടിലെ ബിജെപി സ്ഥാനാര്‍ഥി നവ്യ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കവെയായിരുന്നു പരാമര്‍ശം.