Kerala
Suresh Gopi expresses desire to be born in Thanthri Family
Kerala

അടുത്ത ജന്മം തന്ത്രി കുടുംബത്തിൽ ജനിക്കണം എന്നാണ് ആഗ്രഹം: സുരേഷ് ഗോപി

Web Desk
|
9 Oct 2023 1:45 PM GMT

ശബരിമല ശാസ്താവിനെ അകത്തു കയറി തഴുകണമെന്നാണ് ആഗ്രഹമെന്നും ഇക്കാര്യം പറഞ്ഞതിനാണ് താൻ വിവാദത്തിൽപ്പെട്ടതെന്നും സുരേഷ് ഗോപി

തന്ത്രി കുടുംബത്തിൽ പുനർജനിക്കണമെന്നാണാഗ്രഹമെന്ന് സുരേഷ് ഗോപി. ശബരിമല ശാസ്താവിനെ അകത്തു കയറി തഴുകണമെന്നാണ് ആഗ്രഹമെന്നും ഇക്കാര്യം പറഞ്ഞതിനാണ് താൻ വിവാദത്തിൽപ്പെട്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. കൊച്ചി പാവക്കുളം ക്ഷേത്രത്തിലെ പണ്ഡിറ്റ് കറുപ്പൻ പുരസ്‌കാരവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"അടുത്ത ജന്മം തന്ത്രി കുടുംബത്തിൽ ജനിക്കണം എന്നാണ് ആഗ്രഹം. ശബരിമലയിൽ അയ്യനെ പുറത്തു നിന്ന് കണ്ടാൽ പോര. അകത്തു നിന്ന് തഴുകണം. അതെന്റെ അവകാശമാണ്. അതിനെതിരെ ഒരുത്തനും വരാൻ അവകാശമില്ല.

രാജീവരുടെ അടുത്ത് എത്രയോ തവണ പറഞ്ഞിരിക്കുന്നു, എത്രയും വേഗം മരിച്ച് പുനർജനിച്ച് നിങ്ങളുടെ താഴമൺ കുടുംബത്തിൽ ജനിക്കണമെന്ന്... നിങ്ങൾ ചെയ്യുന്നത് പോലെ തന്ത്രിമുഖ്യനായി അയ്യനെ ഊട്ടി ഉറക്കണമെന്ന്... ഇക്കാര്യം പറഞ്ഞതിനാണ് 2016ൽ താൻ വിവാദത്തിൽപ്പെട്ടത്. എനിക്ക് ബ്രാഹ്മണനാകണം എന്ന രീതിയിൽ രാഷ്ട്രീയം തൊഴിലാക്കിയവർ ഇത് ദുർവ്യാഖ്യാനം നടത്തി". സുരേഷ് ഗോപി പറഞ്ഞു. പൂണൂലിട്ട വർഗത്തോട് തനിക്ക് അസൂയയാണെന്നും കണ്ഠര് രാജീവരും മോഹനരുമൊക്കെ ചെയ്യുന്ന ജോലി കാണുമ്പോൾ തനിക്ക് അതിയായ ആഗ്രഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

പദയാത്രയിൽ രാഷ്ട്രീയം കലർത്തിയെന്ന എസി മൊയ്തീന്റെ പരാമർശത്തിന് സുരേഷ് ഗോപി മറുപടിയും നൽകി. കരുവന്നൂരിൽ പണം നഷ്ടപ്പെട്ടവരുടെ പ്രയാസത്തിലാണ് താൻ ഇടപെട്ടതെന്നും ഇത്തരം പ്രതിസന്ധി ഉണ്ടാകാതിരിക്കാനാണ് ആരോപണമുന്നയിക്കുന്നവർ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

"ഇഡി വഴി ബിജെപിക്ക് തൃശൂരിൽ വഴിയൊരുക്കാനാണ് സുരേഷ് ഗോപി ശ്രമിക്കുന്നതെന്നത് ആരോപണം മാത്രമാണ്. ആ ആരോപണമുന്നയിക്കാൻ അവർക്ക് അവകാശവുമുണ്ട്. എന്നാൽ മറുപടിയല്ല, നടപടിയാണ് വേണ്ടത്. ഇത്തരം പ്രതിസന്ധി ഉണ്ടാവാതിരിക്കാനാണ് ആരോപണമുന്നയിക്കുന്നവർ ശ്രമിക്കേണ്ടത്. കരുവന്നൂരിൽ പണം നഷ്ടപ്പെട്ടവരുടെ പ്രയാസത്തിലാണ് ഞാൻ ഇടപെട്ടത്. സത്യം ദൈവത്തിനറിയാം". സുരേഷ് ഗോപി കൂട്ടിച്ചേർത്തു

Similar Posts