Kerala
Suresh Gopi: I will make a film, I was removed from the ministry because of it: Suresh Gopi, latest news malayalam , സിനിമ ചെയ്യും, അതിന്റെ പേരിൽ മന്ത്രിസ്ഥാനത്തു നിന്നു മാറ്റിയാൽ രക്ഷപ്പെട്ടു: സുരേഷ് ഗോപി
Kerala

'സിനിമ ചെയ്യും, അതിന്റെ പേരിൽ മന്ത്രിസ്ഥാനത്തു നിന്നു മാറ്റിയാൽ രക്ഷപ്പെട്ടു': സുരേഷ് ഗോപി

Web Desk
|
21 Aug 2024 10:17 AM GMT

കേന്ദ്രമന്ത്രിയാകാൻ നേതാക്കൾ പറഞ്ഞതിനാൽ വഴങ്ങേണ്ടി വന്നതാണെന്നും സുരേഷ് ഗോപി

കൊച്ചി: താൻ സിനിമ ചെയ്യുമെന്നും അത് തന്റെ പാഷൻ ആണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. വരാനിരിക്കുന്ന സിനിമകൾ ചെയ്യാൻ അനുവാദം ചോദിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കിട്ടിയില്ലെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. സിനിമ ചെയ്യുന്നതിന്റെ പേരിൽ മന്ത്രിസ്ഥാനത്തു നിന്നു മാറ്റിയാൽ താൻ രക്ഷപെട്ടു. കുറേ സിനിമകൾ ഉണ്ടെന്ന് പറഞ്ഞപ്പോൾ അമിത് ഷാ പേപ്പർ മാറ്റി വെച്ചതാണ്. മന്ത്രി‌സ്ഥാനത്തെ ബാധിക്കാത്ത രീതിയിൽ ഷൂട്ടിങ് സെറ്റിൽ അതിനുള്ള സൗകര്യം ഉണ്ടാകണമെന്നാണ് ആഗ്രഹം. സുരേഷ് ഗോപി പറഞ്ഞു.

സെപ്റ്റംബർ 6ന് ആരംഭിക്കുന്ന 'ഒറ്റ കൊമ്പൻ' എന്ന സിനിമയിൽ താൻ അഭിനയിക്കുമെന്നും സിനിമ ചെയ്തില്ലെങ്കിൽ താൻ ചത്തു പോകുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കിയാൽ തൃശൂരിലെ ജനങ്ങൾക്കു വേണ്ടി കൂടുതൽ സജീവമായി പ്രവർത്തിക്കും. ചരിത്രമെഴുതിയ തൃശൂരുകാർക്ക് നന്ദി അർപ്പിക്കണമെന്ന് നേതാക്കൾ പറഞ്ഞതു കൊണ്ട് വഴങ്ങേണ്ടി വന്നതാണ്. ഇപ്പോൾ തൃശൂരിലെ ജനങ്ങൾക്ക് തന്നെ ലഭിക്കുന്നത് കുറവാണ്. സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

ഫിലിം ചേംബർ സംഘടിപ്പിച്ച പരിപാടിയിൽ പ്രസം​ഗിക്കുകയായിരുന്നു അദ്ദേ​ഹം. കേന്ദ്രമന്ത്രിയാണെങ്കിലും ഉ​ദ്ഘാടനങ്ങൾക്ക് സിനിമാ നടനെന്ന നിലിയിലെ പോവുകയുള്ളൂവെന്നും അതിന് പണം വാങ്ങിക്കുമെന്നും അദ്ദേഹം നേരത്തേ പറഞ്ഞത് വിവാദമായിരുന്നു. ഇപ്പോൾ സുരേഷ് ​ഗോപി നടത്തിയ പരാമർശം ബി.ജെ.പി നേതാക്കൾക്കിടയിൽ ചർച്ചയായിട്ടുണ്ട്.

സിനിമയിൽ മാത്രമല്ല, എല്ലാ മേഖലയിലും ഇത്തരം കാര്യങ്ങൾ നടക്കുന്നുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിനോട് പ്രതികരിച്ച് സുരേഷ് ഗോപി പറഞ്ഞു. എല്ലാ സമ്പ്രദായത്തിനും അതിന്റേതായ ശുദ്ധി വേണമെന്നും വ്യക്തിപരമായ കാര്യങ്ങൾക്ക് വേണ്ടി അതിനു കോട്ടം വരുത്തരുതെന്നും അദ്ദേഹം പറഞ്ഞു.

Similar Posts