ഗോവിന്ദന്‍ മാസ്റ്ററോട് ചോദിക്കൂ; ചികിത്സാ സഹായം ചോദിച്ചെത്തിയ അമ്മയെയും കുഞ്ഞിനെയും സുരേഷ് ഗോപി അപമാനിച്ചതായി പരാതി
|ചികിത്സക്കായി സഹായം അഭ്യർഥിച്ചപ്പോൾ കളിയാക്കുന്ന തരത്തിൽ ഗോവിന്ദൻ മാസ്റ്ററെ പോയി കാണാനായിരുന്നു മറുപടി
തൃശൂര്‍: അപൂർവരോഗമുള്ള കുഞ്ഞിന് ചികിത്സാ സഹായം ചോദിച്ചെത്തിയ അമ്മയെയും കുഞ്ഞിനെയും നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി അപമാനിച്ചതായി പരാതി. ചികിത്സക്കായി സഹായം അഭ്യർഥിച്ചപ്പോൾ കളിയാക്കുന്ന തരത്തിൽ ഗോവിന്ദൻ മാസ്റ്ററെ പോയി കാണാനായിരുന്നു മറുപടി.
കോയമ്പത്തൂരിൽ താമസിക്കുന്ന സിന്ധുവാണ് സുരേഷ് ഗോപിയോട് മകൻ അശ്വിന് ചികിത്സക്കായി സഹായം അഭ്യർഥിച്ചത്. ഗോവിന്ദൻ മാസ്റ്ററെ പോയി കാണാൻ പറഞ്ഞപ്പോൾ കളിയാക്കിയതാണെന്ന് മനസ്സിലാകാതെ ക്ഷേത്ര നടയിലുണ്ടായിരുന്നവരോട് ആരാണ് ഗോവിന്ദൻ മാസ്റ്ററെന്ന് സിന്ധു തിരക്കി. പിന്നീട് ക്ഷേത്രത്തിൽ ഉണ്ടായിരുന്നവരാണ് കളിയാക്കിയതാണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കിയത്. ഇതോടെ ആൾക്കൂട്ടത്തിന് നടുവിൽ നിന്ന് കൈക്കുഞ്ഞുമായി സിന്ധു കരഞ്ഞു. പിന്നീട് ക്ഷേത്രത്തിൽ ഉണ്ടായിരുന്നവരാണ് സിന്ധുവിനെ സമാധാനിപ്പിച്ചത്
തമിഴ്നാട് സ്വദേശിനിയായ സിന്ധു കോടീശ്വരൻ സ്ഥിരമായി കാണുക വഴിയാണ് സുരേഷ് ഗോപിയെ അറിയുന്നത്. ഗുരുവായൂർ ക്ഷേത്രദർശനത്തിനിടെ സുരേഷ് ഗോപിയേയും സംഘത്തേയും കണ്ടപ്പോൾ രണ്ടു വയസ്സുള്ള മകൻ അശ്വിനേയും എടുത്ത് സഹായം ചോദിക്കുകയായിരുന്നു. മാസ്റ്റോസൈറ്റോസിസ് എന്ന അപൂർവ രോഗത്തിന് ചികിത്സയിലാണ് അശ്വിൻ . ഒരു മാസം മരുന്നിന് മാത്രം 50,000 രൂപയോളം ചെലവുണ്ട്.