Kerala
മാധ്യമങ്ങളോടുള്ള പെരുമാറ്റം; സുരേഷ് ഗോപി മിതത്വം പാലിക്കേണ്ടതായിരുന്നു: വിമർശനവുമായി ആർഎസ്എസ് വാരിക
Kerala

മാധ്യമങ്ങളോടുള്ള പെരുമാറ്റം; 'സുരേഷ് ഗോപി മിതത്വം പാലിക്കേണ്ടതായിരുന്നു': വിമർശനവുമായി ആർഎസ്എസ് വാരിക

Web Desk
|
14 Sep 2024 6:35 AM GMT

''പ്രതികരിക്കാൻ താത്പര്യം ഇല്ലെങ്കിൽ സൗമ്യമായി മാന്യതയോടെ പറഞ്ഞാൽ തീരുന്നതേയുള്ളൂ ആ പ്രശ്‌നം. അതിനുപകരം മന്ത്രി പൊട്ടിത്തെറിക്കാനും നിലവിട്ട് പെരുമാറാനും തുടങ്ങിയാൽ അത് അദ്ദേഹത്തെ മാത്രമല്ല പ്രതിനിധാനം ചെയ്യുന്ന സംഘടനയേയും മോശമായി ബാധിക്കും''

കോഴിക്കോട്: ചോദ്യം ചോദിച്ചതിന് മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിലും മാധ്യമങ്ങളോടുള്ള പെരുമാറ്റത്തിലും സുരേഷ് ഗോപി എംപിക്കെതിരെ വിമർശനവുമായി ആർഎസ്എസ് വാരികയായ കേസരി. പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകരോട് സുരേഷ് ഗോപി മിതത്വം പാലിക്കേണ്ടിയിരുന്നുവെന്ന് ജി.കെ സുരേഷ് ബാബു എഴുതിയ ലേഖനത്തിൽ പറയുന്നു.

സുരേഷ് ഗോപി ഇക്കാര്യത്തിൽ അനുവർത്തിച്ച നിലപാട് ശരിയാണെന്ന് തോന്നുന്നില്ലെന്നും കടക്ക് പുറത്തെന്ന് പറഞ്ഞ പിണറായിയുടെ പ്രതികരണമല്ല ബിജെപിയുടെ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയിൽ നിന്ന് പൊതുജനങ്ങളും മാധ്യമങ്ങളും പ്രതീക്ഷിക്കുന്നതെന്നും 'മാധ്യമങ്ങളും സുരേഷ് ഗോപിയും' എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിൽ പറയുന്നു. 2024 സെപ്തംബർ 6ന് പുറത്തിറക്കിയ കേസരിയിലാണ് വിമർശനം.

'' പ്രതികരിക്കാൻ താത്പര്യം ഇല്ലെങ്കിൽ സൗമ്യമായി മാന്യതയോടെ പറഞ്ഞാൽ തീരുന്നതേയുള്ളൂ ആ പ്രശ്‌നം. അതിനുപകരം മന്ത്രി പൊട്ടിത്തെറിക്കാനും നിലവിട്ട് പെരുമാറാനും തുടങ്ങിയാൽ അത് അദ്ദേഹത്തെ മാത്രമല്ല പ്രതിനിധാനം ചെയ്യുന്ന സംഘടനയേയും മോശമായി ബാധിക്കും. ബിജെപിയുടെ കേരളത്തിൽ നിന്നുള്ള ആദ്യത്തെ കേന്ദ്രമന്ത്രി അല്ല സുരേഷ് ഗോപി. നേരത്തെ ഒ രാജഗോപാലും പിന്നെ വി മുരളീധരനും കേന്ദ്രമന്ത്രിമാർ ആയിട്ടുണ്ട്. ഇതിനെക്കാൾ മോശമായ രീതിയിൽ മാധ്യമപ്രവർത്തകർ ഇവരെ നേരിട്ടിട്ടുമുണ്ട്. പക്ഷേ അവരാരും ഈ തരത്തിൽ പ്രതികരിക്കാറില്ല. എത്ര മോശമായ രീതിയിൽ ചോദിച്ചാലും ഒരു പുഞ്ചിരിയോടെ മറുപടി പറയുകയോ തനിക്ക് പ്രതികരിക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞ് ഒഴിവാക്കുകയോ ചെയ്യുന്ന വി മുരളീധരന്റെ രീതി ശ്രദ്ധേയമാണെന്നും ലേഖനത്തിൽ പറയുന്നു.

''സുരേഷ് ഗോപി പറഞ്ഞത് താൻ എവിടെ നിന്ന് വരുന്നു എന്ന് നോക്കി അവിടുത്തെ കാര്യങ്ങൾ മാത്രം ചോദിക്കണം എന്നതാണ്. ഈ നിലപാട് മാധ്യമപ്രവർത്തനത്തിൽ നടക്കുന്ന കാര്യമല്ല. ഒരു കേന്ദ്രമന്ത്രി എന്ന നിലയിൽ സർക്കാറിന്റെയും ബിജെപിയുടെയും നിലപാട് സംബന്ധിച്ച് ജനങ്ങൾക്ക് അറിയാനുള്ള ഏത് കാര്യവും ചോദിക്കാനുള്ള അവകാശം മാധ്യമപ്രവർത്തകർക്കുണ്ട്. മറുപടി പറയുകയോ പറയാതിരിക്കുകയോ ചെയ്യാനുള്ള അധികാരം മന്ത്രിക്കുമുണ്ട്. ചോദ്യം എങ്ങനെ ആവണമെന്നോ ചോദ്യം എന്താവണമെന്നോ പറയാനുള്ള അധികാരം ഒരു മന്ത്രിക്കുമില്ലെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു.

വാർത്തക്ക് വേണ്ടിയുള്ള നെട്ടോട്ടവും മത്സരവും മനസ്സിലാക്കാം. പക്ഷേ അതിനപ്പുറം ബിജെപിക്കാരൻ ആണ് എന്നതുകൊണ്ട് മാത്രം സുരേഷ് ഗോപിയെ വേട്ടയാടാൻ മാധ്യമങ്ങൾ ശ്രമിച്ചാൽ ആ രീതിയിൽ അതിനെ നേരിടാൻ ബിജെപിയും പരിവാർ പ്രസ്ഥാനങ്ങളും തയ്യാറാകും എന്ന കാര്യം മനസ്സിലാക്കണമെന്നും ലേഖനം വ്യക്തമാക്കുന്നു.

തൃശൂരില്‍ പ്രതികരണം ചോ​ദിച്ച മാധ്യമപ്രവര്‍ത്തകരെയാണ് സുരേഷ് ഗോപി കയ്യേറ്റം ചെയ്തിരുന്നത്. മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ടും സിനിമാ മേഖലയിലെ പ്രശ്നങ്ങളോടുമുള്ള ചോദ്യത്തിനാണ് സുരേഷ് ഗോപി നിലവിട്ട് പെരുമാറിയത്. മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പ്രതികരണവും വിവാദമായിരുന്നു. വലിയ സംവിധാനത്തെ തകർക്കുകയാണ് മാധ്യമങ്ങളെന്നും 'അമ്മ' സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ 'അമ്മ' ഓഫിസിൽ നിന്നിറങ്ങുമ്പോൾ മാത്രം ചോദിച്ചാൽ മതിയെന്നുമൊക്കെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

Similar Posts