'എനിക്കൊന്നും അറിയില്ല, മോദി നേരിട്ടുവിളിച്ചു'; സുരേഷ് ഗോപി ഡൽഹിയിലേക്ക്
|കേന്ദ്ര മന്ത്രിസ്ഥാനത്തെ കുറിച്ച് ചോദിച്ചപ്പോൾ തനിക്കൊന്നും അറിയില്ലെന്നും തീരുമാനം നരേന്ദ്ര മോദിയുടേതാണെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം
തിരുവനന്തപുരം: കേന്ദ്രമന്ത്രിസ്ഥാനത്തിൽ അനിശ്ചിതത്വം നിലനിൽക്കെ സുരേഷ് ഗോപി ഡൽഹിയിലേക്ക്. നരേന്ദ്രമോദി ഡൽഹിയിൽ എത്താൻ നിർദേശിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തെ വസതിയിൽ നിന്ന് സുരേഷ് ഗോപി പുറപ്പെട്ടു. വൈകിട്ട് 4 മണിയോടെ സുരേഷ് ഗോപി ഡൽഹിയിലെത്തും. മോദിയുടെ വസതിയിലാണ് കൂടിക്കാഴ്ച.
കേന്ദ്ര മന്ത്രിസ്ഥാനത്തെ കുറിച്ച് ചോദിച്ചപ്പോൾ തനിക്കൊന്നും അറിയില്ലെന്നും തീരുമാനം നരേന്ദ്രമോദിയുടേതാണെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. കേരളത്തിനും തമിഴ്‌നാടിനും വേണ്ടി വർത്തിക്കുന്ന എംപിയായിരിക്കുമെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിലെ ജനങ്ങൾ അത് കയ്യടിച്ച് പാസാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയുക്തമന്ത്രിമാർക്കായുള്ള മോദിയുടെ ചായ സൽക്കാരത്തിൽ സുരേഷ് ഗോപിയുടെ പേരില്ല. കേന്ദ്ര മന്ത്രിയാകാന്‍ താത്പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചെന്നാണ് സൂചന. നരേന്ദ്ര മോദിയോടൊപ്പം ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിസഭാംഗങ്ങളുടെ പട്ടികയിലും സുരേഷ് ഗോപിയുടെ പേരില്ല.
കേരളത്തില്‍ നിന്ന് കേന്ദ്രമന്ത്രി വേണമെന്ന നേതൃത്വത്തിന്‍റെ നിലപാടിനെ തുടര്‍ന്നാണ് കേരളത്തിൽ നിന്നുള്ള ഏക ബിജെപി എംപിയായ സുരേഷ് ഗോപിയെ പരിഗണിച്ചിരുന്നത്. ആറുവർഷം എംപിയായി സീനിയോറിറ്റി ഉള്ളതിനാൽ സ്വതന്ത്ര ചുമതലയുള്ള വകുപ്പ് സുരേഷ് ഗോപിക്ക് ലഭിക്കുമെന്നായിരുന്നു സൂചന.
നേരത്തെ കേന്ദ്രമന്ത്രിയാകുമോ എന്ന ചോദ്യത്തിന് മറുപടി പറയുന്നത് നെഗറ്റീവ് ആകുമെന്നായിരുന്നു ഡൽഹിയിൽ എത്തിയ സുരേഷ് ഗോപിയുടെ മറുപടി. എല്ലാം ദൈവനിശ്ചയം പോലെ നടക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
കേരളത്തിൽ നിന്നുള്ള ആദ്യത്തെ ബിജെപി എംപി എന്ന നിലയിൽ സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിൽ വേണമെന്ന് കേന്ദ്ര നേതൃത്വമാണ് നിർദേശിച്ചത്. രണ്ട് വർഷത്തേക്ക് സിനിമകളിൽ അഭിനയിക്കാൻ കരാർ ഒപ്പിട്ടിട്ടുണ്ടെന്നും അതിന് കേന്ദ്രമന്ത്രിസ്ഥാനം തടസ്സമാകുമോ എന്ന ആശങ്കയും സുരേഷ് ഗോപി നേതൃത്വത്തോട് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിസ്ഥാനം വേണ്ടെന്ന് അറിയിച്ചതെന്നാണ് റിപ്പോർട്ടുകൾ.