ഇ.കെ നായനാരുടെ വീട് സന്ദർശിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി
|നായനാരുടെ കുടുംബവുമായുളളത് ആത്മബന്ധമെന്ന് സുരേഷ് ഗോപി പറഞ്ഞു
കണ്ണൂർ: മുൻ മുഖ്യമന്ത്രി ഇ.കെ നായനാരുടെ കണ്ണൂർ കല്ല്യാശേരിയിലെ വീട് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി സന്ദർശിച്ചു. സുരേഷ് ഗോപി പാവങ്ങളെ സഹായിക്കുന്ന വ്യക്തിയെന്നും മന്ത്രിയെന്ന നിലയിൽ ശോഭിക്കാൻ കഴിയുമെന്നും നായനാരുടെ ഭാര്യ ശാരദ ടീച്ചർ പറഞ്ഞു. നായനാരുടെ കുടുംബവുമായുളളത് ആത്മ ബന്ധമെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
കേന്ദ്രമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി കണ്ണൂരിലെത്തിയ സുരേഷ് ഗോപി വിവിധ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തിയ ശേഷമാണ് ഇ.കെ നായനാരുടെ വീട്ടിലെത്തിയത്. നായനാരെക്കുറിച്ചുളള പുസ്തകം നൽകിയാണ് നായനാരുടെ പത്നി ശാരദ ടീച്ചർ സുരേഷ് ഗോപിയെ സ്വീകരിച്ചത്.
ശാരദ ടീച്ചർ നൽകിയ ഉച്ചഭക്ഷണവും കഴിച്ചാണ് സുരേഷ് ഗോപി മടങ്ങിയത്. സന്ദർശനത്തിൽ രാഷട്രീയമില്ലെന്ന് പറഞ്ഞ ശാരദ ടീച്ചർ സുരേഷ് ഗോപിയെ പുകഴ്ത്തി പറയാൻ മടിച്ചില്ല. ബി ജെ പി നേതാക്കളെ പൂർണമായും ഒഴിവാക്കിയായിരുന്നു സുരേഷ് ഗോപിയുടെ സന്ദർശനം. ശാരദടീച്ചർ പിതൃസഹോദരിയെപ്പോലെയെന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
സൗഹൃദ സന്ദർശനമെന്ന് ശാരദ ടീച്ചർ വിശദീകരിക്കുമ്പോഴും സുരേഷ് ഗോപിയുടെ സന്ദർശനത്തിൽ കണ്ണൂരിലെ സി.പി.എം നേതൃത്വത്തിന് അതൃപ്തിയുണ്ടന്നാണ് സൂചന.