തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല, അഞ്ച് സീറ്റ് ബിജെപിയുടെ സ്വപ്‌നം മാത്രം; വെള്ളാപ്പള്ളി നടേശൻ
|തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട എന്നാണ് താൻ തുഷാറിനോട് പറഞ്ഞെതെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപള്ളി നടേശൻ പറഞ്ഞു
ഡൽഹി: തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി ജയിക്കില്ലെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശൻ. തുഷാർ വെള്ളാപ്പള്ളിക്ക് ഈഴവ വോട്ടുകൾ കിട്ടാനുള്ള സാധ്യതയില്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട എന്നാണ് താൻ തുഷാറിനോട് പറഞ്ഞെതെന്നും വെള്ളാപള്ളി പറഞ്ഞു.
കേരളത്തിൽ ബി ജെ പി ക്ക് അഞ്ചു സീറ്റ് കിട്ടുമെന്നത് അവരുടെ ആഗ്രഹം മാത്രമാണ്. എല്ലായിടത്തും കടുത്ത മത്സരമാണ് നടക്കുന്നത്. കോൺഗ്രസിനു കഴിഞ്ഞ തവണത്തെ അത്ര സീറ്റ് കിട്ടില്ലെങ്കിലും കൂടുതൽ സീറ്റ് കോൺഗ്രസിന് ആയിരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എൻ ഡി എ വോട്ട് സംസ്ഥാനത്ത് കൂടും. എൽഡിഎഫും യുഡിഎഫും മത്സരിച്ച് ന്യൂനപക്ഷ പ്രീണനം നടത്തുന്നതിനാൽ ഭൂരിപക്ഷ ജനങ്ങളിൽ കുറച്ചു പേർ എൻ ഡി എക്കൊപ്പം പോകും. ആലപ്പുഴയിൽ ശോഭ സുരേന്ദ്രൻ വോട്ട് കൂടുതൽ നേടും. ശോഭ പിടിക്കുന്ന കൂടുതൽ വോട്ടിന്റെ ഗുണം ലഭിക്കുന്നത് ആരിഫിനായിരിക്കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്ത് ആരും ജയിക്കുമെന്ന് പറയാൻ സാധിക്കാത്ത അവസ്ഥയാണ്. ആറ്റിങ്ങലിൽ അടൂർ പ്രകാശിന്റെ ജയം എളുപ്പമല്ല. ജോയിയുടെ സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തുഷാർ വെള്ളപ്പള്ളിക്ക് ഈഴവ വോട്ടുകൾ കിട്ടാനുള്ള ഒരു സാധ്യതയും ഇല്ല. തുഷാർ കോട്ടയത്ത് ജയിക്കുമോയെന്ന് അറിയില്ല. മത്സരിക്കേണ്ട എന്നാണ് താൻ പറഞ്ഞതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഇപി ജയരാജനും ബി.ജെ.പിയുടെ കേരളാ പ്രഭാരി പ്രകാശ് ജാവഡേക്കറും തമ്മിൽ നടന്ന കൂടിക്കാഴ്ച സംബന്ധിച്ചും വെള്ളാപ്പള്ളി പ്രതികരിച്ചു. കൂടിക്കാഴ്ച വോട്ടർമാരെ സ്വാധീനിക്കുമെന്ന് കരുതുന്നില്ല. ഇതുപോലുള്ള വിവാദം ഒഴിവാക്കാമായിരുന്നു. രാഷ്ട്രീയ നേതാക്കൾക്ക് ആരെ വേണമെങ്കിലും കാണാമെന്നും വെള്ളാപ്പള്ളി പറഞ്ഞു. പാർട്ടി അറിഞ്ഞുകൊണ്ടോ പാർട്ടിയിൽ റിപ്പോർട്ട് ചെയ്തോ ആണ് ഇപി ജയരാജൻ അദ്ദേഹത്തെ കണ്ടതെങ്കിൽ കുഴപ്പമില്ല. കണ്ടതിനുശേഷവും പാർട്ടിയിൽ റിപ്പോർട്ട് ചെയ്തില്ല. ഇ പി എൽ ഡി എഫ് കൺവീനർ എന്ന നിലയിൽ പിന്നോട്ടാണെന്നും വാർത്താപുരുഷനായി മാറിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.