Kerala
ആക്രമിക്കപ്പെട്ട ദ്യശ്യങ്ങൾ ചോർന്നതിൽ സമഗ്രാന്വേഷണം വേണം- ഡിജിപിക്ക് നടിയുടെ പരാതി
Kerala

ആക്രമിക്കപ്പെട്ട ദ്യശ്യങ്ങൾ ചോർന്നതിൽ സമഗ്രാന്വേഷണം വേണം- ഡിജിപിക്ക് നടിയുടെ പരാതി

Web Desk
|
5 Feb 2022 9:30 AM GMT

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ വിചാരണാകോടതിയിൽ നിന്ന് ചോർന്നതായുള്ള വാർത്ത പുറത്തുവന്നിരുന്നു

ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ചോർന്നതിൽ സമഗ്രാന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നടി ഡി.ജി.പി അനിൽ കാന്തിന് പരാതി നൽകി. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ വിചാരണ കോടതിയിൽനിന്ന് ചോർന്നതായുള്ള വാർത്ത പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് നടി ഡി.ജി.പിക്ക് പരാതി നൽകിയത്. ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രിംകോടതി, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍, പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്കും കത്തയച്ചിട്ടുണ്ട്. ദൃശ്യം ചോര്‍ന്നതോടെ തന്‍റെ സ്വകാര്യത ഹനിക്കപ്പെട്ടിരിക്കുകയാണെന്ന് കത്തില്‍ നടി ചൂണ്ടിക്കാട്ടി.

പീഡനദൃശ്യങ്ങള്‍ കോടതിയില്‍നിന്ന് ചോര്‍ന്നതില്‍ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് നടി കത്തയച്ചത്. സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച നടി, ദൃശ്യങ്ങള്‍ അനുമതിയില്ലാതെ തുറന്നത് ഞെട്ടിച്ചുവെന്നും കത്തില്‍ പറയുന്നു. സുപ്രീംകോടതിക്ക് അയച്ച കത്തിന്റെ പകര്‍പ്പാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും കൈമാറിയത്.

കോടതിയില്‍നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ച തനിക്ക് കടുത്ത അനീതിയാണ് നേരിട്ടതെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. പീഡനദൃശ്യങ്ങള്‍ പ്രതിയായ ദിലീപ് വീട്ടിലിരുന്ന് കണ്ടുവെന്നും വിദേശത്തേക്ക് കടത്തിയെന്നും വെളിപ്പെടുത്തലുകള്‍ വരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. നടിയെ ആക്രമിച്ച കേസ് ആദ്യം പരിഗണിച്ച ജില്ലാ സെഷന്‍സ് കോടതിയില്‍നിന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നത്. 2019 ഡിസംബര്‍ 20നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതായി വിചാരണാകോടതിയില്‍ സ്ഥിരീകരിച്ചത്.

നടിയെ അക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന സർക്കാർ വാദത്തിനുള്ള മറുപടി ദിലീപ് ഹൈക്കോടതിക്ക് രേഖാമൂലം കൈമാറി. കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച്ച രാവിലെ 10.15നു ജസ്റ്റിസ് പി. ഗോപിനാഥ് കേസില്‍ വിധി പറയും.

എന്നാൽ ഇനിയും വാദം പറയാനുണ്ടെന്ന് ദിലീപ് കോടതിയിൽ വ്യക്തമാക്കി. പ്രോസിക്യൂഷൻ നൽകിയ വിശദീകരണത്തിന് മറുപടി നാളെ കോടതിക്ക് രേഖമൂലം കൈമാറുമെന്ന് ദിലീപ് പറഞ്ഞു. ഇതുകൂടി പരിശോധിച്ചായിരിക്കും വിധി പറയുക. എന്നാൽ, പ്രോസിക്യൂഷനാണ് കേസ് ദീർഘിപ്പിക്കുന്നതെന്ന് ദിലീപിൻറ അഭിഭാഷകൻ പറഞ്ഞു.

Similar Posts