ആക്രമിച്ച ദൃശ്യം ചോര്‍ന്ന സംഭവം; അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും സുപ്രിം കോടതിക്കും അതിജീവിതയുടെ കത്ത്
|പ്രതിയായ ദിലീപിന്റെ കയ്യിൽ ദൃശ്യങ്ങൾ ഇപ്പോഴും ഉണ്ടെന്ന് സംശയമുണ്ട്
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നോ എന്ന് അന്വേഷിക്കണമെന്ന് ആക്രമണത്തിന് ഇരയായ നടി. ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രിം കോടതി, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചു. ദൃശ്യം ചോര്‍ന്നതോടെ തന്റെ സ്വകാര്യത ഹനിക്കപ്പെട്ടു എന്ന് നടി പറഞ്ഞു.
പീഡന ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നതില്‍ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് നടി കത്തയച്ചിരിക്കുന്നത്. ദൃശ്യങ്ങള്‍ ചോര്‍ന്നോ എന്ന ആശങ്ക പ്രകടിപ്പിച്ച നടി, ദൃശ്യങ്ങള്‍ അനുമതിയില്ലാതെ തുറന്നത് ഞെട്ടിച്ചുവെന്നും കത്തില്‍ പറയുന്നു. സുപ്രീംകോടതിക്ക് അയച്ച കത്തിന്റെ പകര്‍പ്പാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മനുഷ്യാവകാശ കമ്മീഷന് ഉള്‍പ്പെടെയുള്ളവര്‍ക്കും കൈമാറിയത്. കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ച തനിക്ക് കടുത്ത അനീതിയാണ് നേരിട്ടതെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
പീഡനദൃശ്യങ്ങള്‍ പ്രതിയായ ദിലീപ് വീട്ടിലിരുന്ന് കണ്ടുവെന്നും വിദേശത്തേക്ക് കടത്തിയെന്നും വെളിപ്പെടുത്തലുകള്‍ വരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. നടിയെ ആക്രമിച്ച കേസ് ആദ്യം പരിഗണിച്ച ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നത്. 2019 ഡിസംബര്‍ 20നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതായി വിചാരണ കോടതിയില്‍ സ്ഥിരീകരിച്ചത്.