അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തി; മുൻ ഡി.ജി.പി സിബി മാത്യൂസിനെതിരെ കേസ്
|സിബി മാത്യൂസിന്റെ 'നിർഭയം' എന്ന പുസ്തകത്തിലെ പരാമർശങ്ങൾക്കെതിരെയാണ് കേസ്
തിരുവനന്തപുരം: സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിൽ മുൻ ഡി.ജി.പി സിബി മാത്യൂസിനെതിരെ കേസ്. ഹൈക്കോടതി നിർദേശപ്രകാരം തിരുവനന്തപുരം മണ്ണന്തല പൊലീസാണ് കേസെടുത്തത്. സിബി മാത്യൂസ് രചിച്ച ‘നിർഭയം’ എന്ന പുസ്തകത്തിലെ ‘സൂര്യനെല്ലി’ അധ്യായത്തിൽ പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പേരും വിലാസവും മറ്റ് വിവരങ്ങളും നൽകിയത് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശി കെ.കെ. ജോഷ്വ നൽകിയ പരാതിയിലാണ് കേസെടുക്കാൻ മണ്ണന്തല പൊലീസിന് ഹൈക്കോടതി നിർദേശം നൽകിയത്. അന്വേഷണം വേണ്ടെന്ന സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ട് കോടതി തള്ളിയിരുന്നു.
അതിജീവിതയുടെ പേരില്ലെങ്കിലും അവരെക്കുറിച്ച വിവരങ്ങളെല്ലാം വെളിപ്പെടുത്തുന്ന രീതിയിലാണ് പുസ്തകത്തിലെ പരാമർശങ്ങളെന്ന് പരാതിയിൽ പറയുന്നു. സംഭവം നടന്ന 1996ൽ മൈനറായിരുന്ന പെൺകുട്ടിയുടെ വിശദാംശം വെളിപ്പെടുത്തിയത് ഗുരുതര കുറ്റമാണ്. പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയെന്ന പരാമർശവും പുസ്തകത്തിലുണ്ട്. ആളെ തിരിച്ചറിയാനാകും വിധം വിവരങ്ങൾ പരസ്യപ്പെടുത്തുന്നത് ഇന്ത്യൻ ശിക്ഷാനിയമം 228 പ്രകാരം കുറ്റകരമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.