സ്കൂൾ കുട്ടികളുടെ അരി മറിച്ച് വിറ്റ അധ്യാപകര്‍ക്ക് സസ്പെന്ഷന്
|മലപ്പുറം മൊറയൂർ വി എച്ച്. എം ഹയർസെക്കണ്ടറി സ്കൂളിലെ അധ്യാപകരെയാണ് സസ്പെന്റ് ചെയ്തത്
മലപ്പുറം: സ്കൂൾ വിദ്യാർഥികളുടെ ഉച്ചഭക്ഷണ ത്തിനുള്ള അരി മറിച്ച് വിറ്റ മലപ്പുറം മൊറയൂർ വി എച്ച്. എം ഹയർസെക്കണ്ടറി സ്കൂളിലെ അധ്യാപകർക്ക് സസ്പെൻഷൻ . നാല് അധ്യാപകർക്ക് എതിരെയാണ് മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നടപടി എടുത്തത്. ഭക്ഷ്യ കമ്മീഷനും അന്വേഷണം ആരംഭിച്ചു. സ്കൂൾ വിദ്യാർത്ഥികളുടെ അരി കടത്തി കൊണ്ടു പോയ സംഭവത്തിലാണ് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചത്.
മൊറയൂർ വി.എച്ച്. എം എയർസെക്കണ്ടറി സ്കൂളിലെ ഹെഡ്മാസ്റ്റർ ശ്രീകാന്ത് , ഉച്ച ഭക്ഷണ ചുമതലയുള്ള ഭവനീഷ് , കായിക അധ്യാപകൻ രവീന്ദ്രൻ , അധ്യാപകനായ ഇർഷാദ് അലി എന്നിവരെയാണ് ഡി.ഡി.ഇ സസ്പെന്റ് ചെയ്തത്. ഡി. ഡി ഇയുടെ അന്വേഷണത്തിലും , ന്യൂൺ ഫീഡ് ഓഫീസറുടെ പരിശോധനയിലും ക്രമക്കേട് കണ്ടെത്തി. സംഭവത്തിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷനും അന്വേഷണം ആരംഭിച്ചു.
ഭക്ഷ്യ കമ്മീഷൻ അംഗം വി. രമേശനാണ് അന്വേഷണം നടത്തുന്നത്. സർക്കാർ ഖജനാവിന് ഉണ്ടായ നഷ്ട്ടം തിരിച്ച് പിടിക്കാൻ ധനകാര്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റിലെ ധനകാര്യ പരിശോധന വിഭാഗവും , മലപ്പുറത്തെ ധനകാര്യ സ്ക്വാഡും സ്കൂളിലെത്തി പരിശോധന നടത്തി. നഷ്ട്ടം കണകാക്കി ഭക്ഷ്യമന്ത്രിക്ക് റിപ്പോർട്ട് നൽകും.