Kerala
IG P Vijayan, Suspension,  Kerala Police, Elathur train attack, ഐജി പി വിജയന്‍, എലത്തൂര്‍ ട്രെയിന്‍, സസ്പെന്‍ഷന്‍, കേരള പോലീസ്, പൊലീസ്
Kerala

ഐ.ജി പി വിജയന്‍റെ സസ്പെൻഷന്‍: പൊലീസില്‍ തര്‍ക്കം

Web Desk
|
19 May 2023 8:56 AM GMT

ഉന്നത ഉദ്യോഗസ്ഥർക്ക് ഇടയിലെ ചേരിപ്പോരാണ് സസ്പെൻഷന് കാരണമെന്നാണ് വിജയനെ അനുകൂലിക്കുന്നവർ ആരോപിക്കുന്നത്

തിരുവനന്തപുരം: ഐ.ജി പി വിജയന്‍റെ സസ്പെൻഷനെ ചൊല്ലി പൊലീസിൽ തർക്കം. ഉന്നത ഉദ്യോഗസ്ഥർക്ക് ഇടയിലെ ചേരിപ്പോരാണ് സസ്പെൻഷന് കാരണമെന്നാണ് വിജയനെ അനുകൂലിക്കുന്നവർ ആരോപിക്കുന്നത്. എന്നാൽ വിജയന്‍റെ നടപടികൾ ഗുരുതര ചട്ട ലംഘനമെന്ന് മറു വിഭാഗം ചൂണ്ടിക്കാട്ടുന്നു.

എലത്തൂർ തീവണ്ടി ആക്രമണക്കേസിലെ അന്വേഷണ വിവരങ്ങൾ പുറത്ത് വിട്ടത് തീവ്രവാദ വിരുദ്ധ സേനാ തലവനായിരുന്ന പി വിജയനെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു പി വിജയന്‍റെ സസ്പെന്‍ഷന്‍. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ലോ ആന്‍ഡ് ഓര്‍ഡര്‍ എ.ഡി.ജി.പി എം.ആര്‍ അജിത്ത്കുമാറും വിജയനുമായുള്ള പ്രശ്നങ്ങളാണ് സസ്പെന്‍ഷന് പിന്നിലെന്നാണ് ആരോപണം.

താക്കീതിൽ ഒതുക്കാവുന്ന നടപടിയാണ് സസ്പെൻഷനായി മാറ്റിയത്. മാത്രമല്ല, ബുക്ക്സ് ആന്‍ഡ് പബ്ലിക്കേഷന്‍ എം.ഡി ആയിരിക്കെ ഇടത് അനുകൂല തൊഴിലാളികളെ പുറത്താക്കിയതും സസ്പെന്‍ഷന് കാരണമായി പറയപ്പെടുന്നു. തുടര്‍ന്ന് ബുക്ക്സ് ആന്‍ഡ് പബ്ലിക്കേഷന്‍റെ ചുമതലകളില് നിന്നും സ്റ്റുഡന്‍റ് പൊലീസിന്‍റെ ചുമതലകളില്‍ നിന്നും വിജയനെ ഒഴിവാക്കിയിരുന്നു. എന്നാൽ തീവ്രവാദ ബന്ധമുള്ള കേസിലെ വിവരങ്ങൾ ചോർത്തിയത് പ്രതിയുടെയും പൊലീസുകാരുടെയും സുരക്ഷക്ക് പോലും ഭീഷണി ഉയർത്തിയ കടുത്ത അച്ചടക്ക ലംഘനമെന്ന് മറുഭാഗം ചൂണ്ടിക്കാട്ടുന്നു. എസ്.പി.സി, പുണ്യം പൂങ്കാവനം പദ്ധതികളുമായി ബന്ധപ്പെട്ട ആരോപണങ്ങളും വിജയന് നേരെ ഉയര്‍ത്തുന്നുണ്ട്. ഏതായാലും തുടർ അന്വേഷണ റിപ്പോർട്ട് വരാതെ സസ്പെൻഷൻ പുന പരിശോധിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം.

Similar Posts