മുല്ലപ്പെരിയാർ ബേബി ഡാമിലെ മരം മുറി; ഉത്തരവിട്ട ഉദ്യോഗസ്ഥന്റെ സസ്‌പെൻഷൻ പിൻവലിച്ചു
|റിവ്യു കമ്മിറ്റി ശിപാർശ പ്രകാരമാണ് സസ്‌പെൻഷൻ പിൻവലിച്ചത്.
മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപം മരം മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. റിവ്യു കമ്മിറ്റി ശിപാർശ പ്രകാരമാണ് സസ്‌പെൻഷൻ പിൻവലിച്ചത്.
മരം മുറി ഉത്തരവ് റദ്ദാക്കിയ സാഹചര്യത്തിൽ സസ്‌പെൻഷൻ തുടരേണ്ടതില്ല എന്നാണ് ശുപാർശ. ഇതനുസരിച്ചാണ് സസ്‌പെൻഷൻ പിൻവലിച്ചത്. മുല്ലപ്പെരിയാറിൽ ഇനി തീരുമാനങ്ങൾ വനം മേധാവിയുമായി ആലോചിച്ചു മാത്രം കൈക്കൊള്ളണം എന്നും നിർദേശമുണ്ട്. മരം മുറിയിൽ കൂടുതൽ ഉദ്യോഗസ്ഥരുടെ പങ്കിൽ അന്വേഷണം അവസാനിക്കും മുന്നേയാണ് സസ്‌പെൻഷൻ പിൻവലിച്ചത്.
മുല്ലപ്പെരിയാറിലെ എല്ലാ തീരുമാനങ്ങളും സർക്കാരിനെ അറിയിക്കണമെന്ന് ബെന്നിച്ചൻ തോമസിന് നിർദേശം നൽകി. ബേബി ഡാമിന് സമീപമുള്ള 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകിയത് വലിയ രാഷ്ട്രീയ വിവാദങ്ങളിലേക്ക് നയിച്ചിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ മാസം 11 നാണ് ബെന്നിച്ചൻ തോമസിനെതിരെ സർക്കാർ നടപടിയെടുത്തത്.
വിവാദ മരം മുറി ഉത്തരവ് നേരത്തെ സർക്കാർ പിൻവലിച്ചിരുന്നു.