കൃഷ്ണഗിരിയിലെ അനധികൃത മരംമുറി; വില്ലേജ് ഓഫീസർക്ക് സസ്പെൻഷൻ
|ഭൂരേഖകൾ പൂർണമായി പരിശോധിക്കാതെ ഈട്ടിമരങ്ങൾ മുറിക്കാൻ അനുമതി നൽകി എന്ന പ്രാഥമിക കണ്ടെത്തലിലാണ് നടപടി.
കൽപറ്റ: വയനാട് മീനങ്ങാടി പഞ്ചായത്തിലെ കൃഷ്ണഗിരി വില്ലേജിലെ തോട്ടത്തിലെ അനധികൃത മരംമുറിയിൽ വില്ലേജ് ഓഫീസർക്ക് സസ്പെൻഷൻ. കൃഷ്ണഗിരി വില്ലേജ് ഓഫീസർ അബ്ദുൽ സലാമിനെയാണ് ജില്ലാ കലക്ടർ എ ഗീത സസ്പെൻഡ് ചെയ്തത്.
ഭൂരേഖകൾ പൂർണമായി പരിശോധിക്കാതെ ഈട്ടിമരങ്ങൾ മുറിക്കാൻ അനുമതി നൽകി എന്ന പ്രാഥമിക കണ്ടെത്തലിലാണ് നടപടി. കൃഷ്ണഗിരി വില്ലേജിലെ 250/1എ/1ബി സർവേ നമ്പരിൽപ്പെട്ട ഭൂമിയിൽ നിന്നാണ് 13 ഈട്ടി മരങ്ങൾ മുറിച്ചുകടത്തിയത്. ഇത് നിയമപ്രകാരമാണ് എന്നായിരുന്നു വില്ലേജ് ഓഫീസർ പറഞ്ഞിരുന്നത്.
ഈ മരങ്ങൾ മുറിക്കാൻ വില്ലേജ് ഓഫീസർ എൻഒസി നൽകിയിരുന്നു. 36 ഈട്ടി മരങ്ങൾ മുറിക്കാനായിരുന്നു വില്ലേജ് ഓഫീസിൽ നിന്ന് എൻഒസി നൽകിയിരുന്നത്. എന്നാൽ ഇതിൽ നിയമപ്രശ്നങ്ങൾ ഉണ്ടെന്ന് വ്യക്തമായതോടെ സുൽത്താൻ ബത്തേരി തഹസീൽദാർ ഇതിന് സ്റ്റോപ്മെമ്മോ നൽകി.
ഇന്നലെ ഈട്ടിമരങ്ങൾ കണ്ടുകെട്ടാൻ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കലക്ടറുടെ ഇടപെടലുണ്ടായതും വില്ലേജ് ഓഫീസറെ സസ്പെൻഡ് ചെയ്തതും. നടപടിക്രമങ്ങൾ പാലിക്കാതെയുള്ള ഇടപെടലുണ്ടായെന്ന് കണ്ടാണ് നടപടി. ഇത് റവന്യൂ ഭൂമിയാണെന്നാണ് തഹസീൽദാറുടെ വിശദീകരണം.