മണിപ്പൂരിലെ പ്രശ്നങ്ങൾക്ക് പിന്നിൽ റോഹിങ്ക്യൻ മുസ്ലിംകൾ; കേരളത്തിലെ മാധ്യമങ്ങൾ അക്കാര്യം മറച്ചുവെക്കുന്നു- സ്വാമി ചിദാനന്ദപുരി
|ഇത് മാധ്യമ ധർമമല്ല, വിധർമമാണ്. എത്രകാലം ഇങ്ങനെ കൊണ്ടു പോകും. അണിയറയിൽ എന്തെല്ലാം വാങ്ങിക്കൂട്ടിയിട്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.
മണിപ്പൂരിലെ സംഘർഷങ്ങൾക്ക് പിന്നിൽ റോഹിങ്ക്യൻ മുസ്ലിംകളാണെന്ന ആരോപണവുമായി കോഴിക്കോട് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ഹരിയാന, മണിപ്പൂർ വിഷയങ്ങളിൽ കേരളത്തിലെ മാധ്യമങ്ങൾ ഹിന്ദുവിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യൂട്യൂബ് ചാനലായ സീഡ് ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മണിപ്പൂരിലെ പ്രശ്നകാരികളിൽ ഭൂരിഭാഗവും റോഹിങ്ക്യൻ മുസ്ലിംകളാണ് എന്ന യാഥാർത്ഥ്യം മറച്ചുവെച്ച്, അവിടെ ക്രിസ്ത്യൻ അക്രമം മുഴുവൻ ഹിന്ദുക്കളാണ് ചെയ്യുന്നത് എന്ന രീതിയിൽ വാർത്തകൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ് കേരളത്തിൽ. അവിടെ മെയ്തെയ്- കുകി ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള കലഹമാണ് നടക്കുന്നതെന്ന കാര്യം മറച്ചുവയ്ക്കുന്നു. ഹൈന്ദവ സമൂഹമാണ് അക്രമം അഴിച്ചുവിടുന്നത് എന്നാണ് കേരളത്തിലെ മാധ്യമങ്ങൾ വാർത്ത കൊടുക്കുന്നത്. അവിടെ പിടിക്കപ്പെടുന്നത് റോഹിങ്ക്യൻ മുസ്ലിംകളാണ് എന്ന യാഥാർത്ഥ്യം മറച്ചുവയ്ക്കുന്നു. ഇത് മാധ്യമ ധർമമല്ല, വിധർമമാണ്. എത്രകാലം ഇങ്ങനെ കൊണ്ടു പോകും. അണിയറയിൽ എന്തെല്ലാം വാങ്ങിക്കൂട്ടിയിട്ടാണ് ഇങ്ങനെ ചെയ്യുന്നത്.' - അദ്ദേഹം ചോദിച്ചു.
യുപിയിലെയും കശ്മീരിലെയും ഹിന്ദുവിരുദ്ധ വാർത്തകൾ തെരഞ്ഞുപിടിച്ച് റിപ്പോർട്ട് ചെയ്യുകയാണ് കേരളത്തിലെ മാധ്യമങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'കേരളത്തിലെ മാധ്യമങ്ങളുടെ റഡാറുകൾ മുഴുവൻ തിരിച്ചുവച്ചിരിക്കുന്നത് കശ്മീരിലേക്കും ഉത്തർപ്രദേശിലേക്കും ഉത്തരാഖണ്ഡിലേക്കും മാത്രമാണ്. അവിടെയും ഹിന്ദുവിരുദ്ധമായ വാർത്തകൾ മാത്രമാണ് അവർ കൊണ്ടുവരുന്നത്. ഹരിയാനയിൽ ഇപ്പോൾ വ്യാപകമായ കല്ലേറു മാത്രമല്ല കൊലപാതകങ്ങളും നടക്കുന്നു. ചെറുപ്പക്കാരാണ് അക്രമം ചെയ്യുന്നത്. അതിവിടെ വിഷയമല്ല. കേരളത്തിൽ വർധിച്ചു വരുന്ന ബലാത്സംഗങ്ങളിലും പീഡനങ്ങളിലും അക്ഷന്തവ്യമായ മൗനവും ഉദാസീനതയുമാണ് ഇവിടത്തെ മാധ്യമങ്ങൾ കാണിക്കുന്നത്.' - അദ്ദേഹം പറഞ്ഞു.
പൊളിറ്റിക്കൽ ഇസ്ലാമിനു മുമ്പിൽ കേരളത്തിലെ ഭരണകൂടം മുട്ടുമടക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. 'എത്രയോ മനുഷ്യസ്നേഹമുള്ള, ധർമബോധമുള്ള മുസ്ലിംകൾ ആ സമൂഹത്തിലുണ്ട്. അവർക്കൊന്നും അവരുടെ ആശയങ്ങൾ മുമ്പോട്ടുവയ്ക്കാൻ കഴിയാത്ത വിധം തീവ്രവാദം പിടിമുറുക്കിയിരിക്കുന്നു. അതിനനുസരിച്ച് ഇന്നത്തെ ഭരണസംവിധാനം മാറുന്നതും നമ്മൾ കാണുന്നു. ഇത് ഇസ്ലാമിനോടുള്ള സ്നേഹമല്ല. പൊളിറ്റിക്കൽ ഇസ്ലാമിനോടുള്ള വിധേയത്വമാണ്. മനുഷ്യസ്നേഹിയായ ഖുർആൻ പണ്ഡിതനായിരുന്നു ചേകനൂർ മൗലവി. അദ്ദേഹം കൊല്ലപ്പെട്ടത് നമുക്കറിയാം. അദ്ദേഹത്തിന് ആദരമർപ്പിക്കാൻ ഈ ഭരണക്കാർ ആരെങ്കിലുമുണ്ടോ. ഇന്നുവരെ ഉണ്ടായിട്ടില്ല. പകരം അവർ ബോംബ് സ്ഫോടനം ആസൂത്രണം ചെയ്ത ഇസ്ലാമിക വിദ്വാന്മാർക്ക് എല്ലാ പിന്തുണയും കൊടുത്ത് കൂടെ നിൽക്കുന്നു.' - ചിദാനന്ദപുരി പറഞ്ഞു.