സ്വാമി ഗുരുപ്രസാദിനെതിരായ പീഡന പരാതി; അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ച് ശിവഗിരി മഠം
|തന്റെ മൊഴി തിരുത്തിയാണ് പൊലീസ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയതെന്ന് ആരോപിച്ച് യുവതി രംഗത്ത് വന്നിരുന്നു
കൊച്ചി: ശിവഗിര ധർമ്മ ട്രസ്റ്റ്‌ബോർഡംഗം സ്വാമി ഗുരുപ്രസാദിനെതിരായ പീഡന പരാതി അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ച് ശിവഗിരി മഠം. ജനറൽ സെക്രട്ടറി ഋതംബരാനന്ദ സ്വാമി,സൂക്ഷ്മാനന്ദ സ്വാമി,അഡ്വ മനോജ് എന്നിവരാണ് അംഗങ്ങൾ. കമ്മീഷൻ റിപ്പോർട്ട് കിട്ടിയതിന് ശേഷം തുടർ നടപടിയെന്ന് മഠം പ്രസിഡന്‍റ് സ്വാമി സച്ചിതാനന്ദ മീഡിയവണിനോട് പറഞ്ഞു.
അമേരിക്കൻ മലയാളിയായ നഴ്‌സ് ശിവഗിരി മഠത്തിന് നൽകിയ പരാതിയിലാണ് നടപടി. സ്വാമി ഗുരുപ്രസാദ് അമേരിക്കയിൽ വെച്ച് പീഡനശ്രമം നടത്തിയെന്നായിരുന്നു പത്തനംതിട്ട സ്വദേശിയായ അമേരിക്കൻ മലയാളി നഴ്സിന്റെ പരാതി. ടെക്‌സസിലെ വീട്ടിൽ അതിഥിയായി എത്തിയ സമയത്താണ് അക്രമമുണ്ടായത്. നഗ്‌നമായി യോഗ ചെയ്യുന്ന വീഡിയോയും സ്വാമി യുവതിക്ക് വാട്ട്‌സാപ്പിൽ അയച്ചു.
ശിവഗിരി മഠത്തിന് കീഴിൽ നോർത്ത് അമേരിക്കയിൽ ആശ്രമം സ്ഥാപിക്കാൻ ടെക്‌സാസിൽ എത്തിയ സമയത്താണ് സ്വാമി ഗുരുപ്രസാദ് കൈയ്യേറ്റം ചെയ്തതെന്ന് യുവതി പറയുന്നു. പിന്നീട് സ്വാമി ക്ഷമ പറഞ്ഞു. നാട്ടിലെത്തിയ ശേഷമായിരുന്നു യുവതി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും അടക്കം പരാതി നൽകിയത്.
അതിനിടെ തന്റെ മൊഴി തിരുത്തിയാണ് പൊലീസ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയതെന്ന് ആരോപിച്ച് യുവതി രംഗത്ത് വന്നിരുന്നു. മലയാലപ്പുഴ പൊലീസാണ് മൊഴി തിരുത്തിയത്. കേസിന്റെ കാര്യങ്ങൾ അന്വേഷിക്കാനായി മുഖ്യമന്ത്രിയുടെ ഓഫിസിൽ ബന്ധപ്പെട്ടപ്പോൾ, പരാതിയില്ലെന്ന് മൊഴി നൽകിയതിനാൽ ഫയൽ ക്ലോസ് ചെയ്തെന്നായിരുന്നു മറുപടി. ഇതോടെയാണ് പൊലീസ് മൊഴി തിരുത്തിയാണ് റിപ്പോർട്ട് നൽകിയതെന്ന് മനസിലായതെന്ന് യുവതി പറഞ്ഞിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ശിവഗിരി മഠം തന്നെ അന്വേഷണ സമിതിയെ നിയോഗിച്ചിരിക്കുന്നത്.