സ്വപ്ന സുരേഷിനെതിരെയുള്ള ഗൂഢാലോചനാ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ നിർണായ യോഗം നാളെ
|ഗൂഢാലോചനാ കേസ് അന്വേഷിക്കുന്ന പന്ത്രണ്ടംഗ സംഘത്തെ സംബന്ധിച്ച് നിർണായക യോഗമാണ് നാളെ ചേരുന്നത്. വിവിധ ജില്ലകളിലുള്ള അംഗങ്ങൾ പൊലീസ് ആസ്ഥാനത്ത് നേരിട്ടെത്തി കൂടിക്കാഴ്ച്ച നടത്തും.
തിരുവനന്തപുരം: സ്വപ്ന സുരേഷിനെതിരെയുള്ള ഗൂഢാലോചനാ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ നിർണായക യോഗം നാളെ. ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക, പുതുതായി പ്രതി ചേർക്കേണ്ടവർ തുടങ്ങിയ കാര്യങ്ങളിൽ നാളെ തീരുമാനമെടുക്കും. കേസിൽ സരിത എസ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്ന കാര്യത്തിലും ആലോചന തുടരുകയാണ്.
ഗൂഢാലോചനാ കേസ് അന്വേഷിക്കുന്ന പന്ത്രണ്ടംഗ സംഘത്തെ സംബന്ധിച്ച് നിർണായക യോഗമാണ് നാളെ ചേരുന്നത്. വിവിധ ജില്ലകളിലുള്ള അംഗങ്ങൾ പൊലീസ് ആസ്ഥാനത്ത് നേരിട്ടെത്തി കൂടിക്കാഴ്ച്ച നടത്തും. കേസിൽ സാക്ഷിയാക്കിയ സരിത എസ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ നാളെ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ നാളെ അപേക്ഷയും സമർപ്പിക്കും.
ഗൂഢാലോചനാ കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്റെ ആവശ്യം ഹൈക്കോടതി പരിഗണിക്കും മുമ്പ് പരമാവധി തെളിവ് ശേഖരണമാണ് പ്രത്യേക സംഘത്തിന്റെ ലക്ഷ്യം. പി.എസ് സരിത്, ഷാജ് കിരൺ, ഇബ്രാഹിം എന്നിവരെ പ്രതി ചേർക്കുന്നതിലും സംഘം നിയമോപദേശം തേടിയിട്ടുണ്ട്. സ്വപ്ന പുറത്തുവിട്ട ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന ഷാജ് കിരണിന്റെ പരാതിയിലും അന്വേഷണം ആരംഭിക്കും.
സ്വപ്ന ഫോൺ റെക്കോർഡ് ചെയ്തതിൽ ഗൂഢാലോചനയുണ്ടോ എന്നത് പരിശോധിച്ച ശേഷമാകും ഷാജ് കിരണിനെ പ്രതി ചേർക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. അതേസമയം ഫോറൻസിക് പരിശോധനയ്ക്കയച്ച സരിത്തിന്റെ ഫോണിലെ പ്രാഥമിക വിവരങ്ങളും ഇന്ന് ലഭ്യമായേക്കും.