'ഉദ്യോഗസ്ഥരെ സ്വാധീനിച്ച് എൻ.ഐ.എ അന്വേഷണം അട്ടിമറിക്കാമെന്ന് ശിവശങ്കർ പറഞ്ഞു': സ്വപ്ന സുരേഷ് ഹൈക്കോടതിയില്
|കേരള കേഡറിലുള്ള ഉദ്യോഗസ്ഥരാണ് എൻ.ഐ.എയിൽ ഡെപ്യൂട്ടേഷനിലുള്ളതെന്നും മുഖ്യമന്ത്രിയുമായും അദ്ദേഹത്തിന്റെ പാർട്ടിയുമായും അടുത്ത ബന്ധമുള്ളവരാണ് ഇവരെന്നും ശിവശങ്കർ പറഞ്ഞെന്നാണ് സ്വപ്നയുടെ ആരോപണം.
കൊച്ചി: ഉദ്യോഗസ്ഥരെ സ്വാധീനിച്ച് എൻ.ഐ.എ അന്വേഷണം അട്ടിമറിക്കാൻ കഴിയുമെന്ന് ശിവശങ്കർ പറഞ്ഞെന്ന് സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ. സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ അന്വേഷണം നടത്താൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടത് ഇത് കൊണ്ടാണെന്നും സ്വപ്ന പറയുന്നു. കേരള കേഡറിലുള്ള ഉദ്യോഗസ്ഥരാണ് എൻ.ഐ.എയിൽ ഡെപ്യൂട്ടേഷനിലുള്ളതെന്നും മുഖ്യമന്ത്രിയുമായും അദ്ദേഹത്തിന്റെ പാർട്ടിയുമായും അടുത്ത ബന്ധമുള്ളവരാണ് ഇവരെന്നും ശിവശങ്കർ പറഞ്ഞെന്നാണ് സ്വപ്നയുടെ ആരോപണം.
ശിവശങ്കർ തനിക്കു സമ്മാനമായി നൽകിയ ഐഫോൺ എൻ.ഐ.എ പിടിച്ചെടുത്തിട്ടും അത് മഹസറിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതിന് കാരണം അദ്ദേഹം പറഞ്ഞതു പോലെ ഉദ്യോഗസ്ഥരുടെ ഇടപെടൽ മൂലമാണെന്നാണ് സ്വപ്ന പറയുന്നത്. മുഖ്യമന്ത്രി അടക്കമുള്ളവരുടെ പങ്ക് വ്യക്തമാക്കുന്ന ചാറ്റുകളും മറ്റു വിവരങ്ങളും അടങ്ങുന്ന ഫോൺ ഇപ്പോൾ കാണാനില്ലെന്നും സ്വപ്ന പറയുന്നു. ഐ ക്ലൗഡിൽ നിന്ന് ഇവ വീണ്ടെടുക്കാൻ കോടതിയിൽ അപേക്ഷ നൽകാൻ അഭിഭാഷകനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലുകളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തത് ഇ.ഡി അന്വേഷണത്തെ അട്ടിമറിക്കാനാണെന്ന് സ്വപ്ന ആരോപിക്കുന്നു. ഇതിന് മുമ്പ് ഇ.ഡി അന്വേഷണം ജുഡീഷ്യൽ അന്വേഷണത്തിലൂടെ അട്ടിമറിക്കാനുള്ള ശ്രമം കോടതി തടഞ്ഞിരുന്നു. കോടതിക്ക് മുന്നിലും ഇ.ഡിക്കും താൻ നൽകിയ മൊഴികൾ സത്യമാണ്. ഇതിന് തെളിവുകളുടെ പിൻബലമുണ്ടെന്നാണ് സ്വപ്നയുടെ ആരോപണം.