സ്പ്രിംഗ്ളറിന്റെ മാസ്റ്റർ ബ്രയിൻ വീണാ വിജയൻ: സ്വപ്ന സുരേഷ്
|"പിഡബ്യൂസിയിൽ (പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ്) വീണ വിജയന്റെ ബന്ധം എല്ലാവർക്കും അറിയാവുന്നതാണ്"
കൊച്ചി: സ്പ്രിംഗ്ളര് കരാറിന്റെ മാസ്റ്റർ ബ്രയിൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെന്ന ആരോപണവുമായി സ്വപ്ന സുരേഷ്. വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജികിന് ഇതിൽ പങ്കുണ്ടെന്നും അവർ അവകാശപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷണ ഏജൻസികൾക്കു നൽകിയിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു.
'ഹ്യൂമൺ ഡാറ്റാ ബേസ് വിൽപ്പന (സ്പ്രിംഗ്ളറിൽ) നടന്നിട്ടുണ്ട്. അന്ന് ഞാൻ ജോലി ചെയ്യുന്നത് കേരള ഗവൺമെന്റിന്റെ സ്പേസ് പാർക്ക് പ്രോജക്ടിലാണ്. വീണ വിജയൻ, സ്പ്രിംഗ്ളറിന്റെ മാസ്റ്റർ ബ്രയിൻ, അവരാണ് അതിനു പിന്നിലുള്ള ഒരാൾ. ശിവശങ്കർ സർ അന്നെന്നെ ഏറ്റവും കൂടുതൽ വിശ്വസിക്കുന്ന സമയമാണ്. തന്നെ ബലിയാടാക്കുകയാണ്, ഒരുപക്ഷേ അറസ്റ്റുണ്ടാകാം, അല്ലെങ്കിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മുമ്പിൽ സിഎമ്മും സിഎമ്മിന്റെ മകളും എറിഞ്ഞു കൊടുക്കുകയാണ് എന്ന് ശിവശങ്കർ എന്നോട് വേദനയോടെ പറഞ്ഞതാണ്.' - അവർ കൂട്ടിച്ചേർത്തു.
'പിഡബ്യൂസിയിൽ (പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ്) വീണ വിജയന്റെ ബന്ധം എല്ലാവർക്കും അറിയാവുന്നതാണ്. എക്സാലോജികിന്റെ പങ്കാളിത്തവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അന്വേഷണ ഏജൻസികൾക്കു കൈമാറിയിട്ടുണ്ട്. അതെന്റെ കൈയിലുമുണ്ട്. ഞാൻ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഒരിടത്തും ഷാർജ ശൈഖിന് കൈക്കൂലി നൽകിയതായി പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി, ഭാര്യ കമല, വീണ വിജയൻ, നളിനി നെറ്റോ, ശിവശങ്കർ എന്നിവർ ഒരു വാഗ്ദാനം നൽകുകയായിരുന്നു. ഇവര് കണ്ടതിനേക്കാൾ അപ്പുറം ഷാർജ ശൈഖ് കണ്ടിട്ടുണ്ട്. ഇതൊന്നും അവർ സ്വീകരിക്കത്തില്ല.' - സ്വപ്ന പറഞ്ഞു.
ക്ലിഫ് ഹൗസിലെ യോഗത്തിന് വിദേശ കാര്യമന്ത്രാലയത്തിന്റെ അനുമതിയില്ലായിരുന്നുവെന്നും അവർ അവകാശപ്പെട്ടു. 'എംഎ യൂസഫലി സാറിന്റെ ആളുകൾ എംഇഎയുടെ അനുമതിയില്ല എന്ന് പറഞ്ഞ് ലീലാ ഹോട്ടലിൽ വെച്ച് പ്രശ്നം ഉണ്ടാക്കിയപ്പോൾ ശിവശങ്കറിന്റെ നിർദേശ പ്രകാരം എഡിജിപി മനോജ് അബ്രഹാമിനോട് പറഞ്ഞിട്ട് പൈലറ്റ് എസ്കോർട്ട് വെഹികിളിനെ റീ റൂട്ട് ചെയ്തവളാണ് ഞാൻ. അവരുടെ ആവശ്യപ്രകാരം ഞാൻ തന്നെയാണ് അതു ചെയ്തത്. ആ യോഗത്തിന് വേണ്ടി അന്നത്തെ ക്ലിഫ്ഹൗസിന്റെ ഫർണിച്ചറും പെയിന്റിങ്ങുമെല്ലാം മാറ്റി മുഴുവൻ റെഡി ആക്കി. ഷാർജ ശൈഖിന് മുഖ്യമന്ത്രിയും കമലയും വീണ വിജയനും സമ്മാനം കൊടുക്കുന്നതിന്റെ വീഡിയോ എന്റെ പക്കലുണ്ട്.' - സ്വപ്ന കൂട്ടിച്ചേർത്തു.