Kerala
സ്പേസ് പാര്‍ക്കിലെ സ്വപ്നയുടെ ജോലി: ശിവശങ്കറിന്‍റെ ആത്മകഥയിലുള്ളത് ധനകാര്യ പരിശോധനാ വിഭാഗം നേരത്തെ തള്ളിയ വാദങ്ങള്‍
Kerala

സ്പേസ് പാര്‍ക്കിലെ സ്വപ്നയുടെ ജോലി: ശിവശങ്കറിന്‍റെ ആത്മകഥയിലുള്ളത് ധനകാര്യ പരിശോധനാ വിഭാഗം നേരത്തെ തള്ളിയ വാദങ്ങള്‍

Web Desk
|
6 Feb 2022 12:56 AM GMT

സ്വപ്നയ്ക്ക് സ്പേസ് പാര്‍ക്കില്‍ ജോലി ലഭിച്ചത് താന്‍ മുഖേനയല്ലെന്ന് ആത്മകഥയില്‍ ശിവശങ്കര്‍ വിശദീകരിച്ചിരുന്നു.

സ്പേസ് പാര്‍ക്കില്‍ സ്വപ്ന സുരേഷിന് ജോലി നല്‍കിയത് താനല്ലെന്ന ശിവശങ്കറിന്‍റെ വാദം തെറ്റാണെന്ന് ധനകാര്യ പരിശോധനാ വിഭാഗം നേരത്തെ തന്നെ കണ്ടെത്തിയതായി രേഖ. കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡില്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടിലാണ് ശിവശങ്കറിന്റെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ ഉള്ളത്. സ്വപ്നയ്ക്ക് സ്പേസ് പാര്‍ക്കില്‍ ജോലി ലഭിച്ചത് താന്‍ മുഖേനയല്ലെന്ന് ആത്മകഥയില്‍ ശിവശങ്കര്‍ വിശദീകരിച്ചിരുന്നു.

സ്വപ്നയ്ക്ക് സ്പേസ് പാര്‍ക്കില്‍ ജോലി ലഭിച്ചതിനെ കുറിച്ച് പുസ്തകത്തില്‍ ശിവശങ്കര്‍ കുറിച്ചത് ഇങ്ങനെ- '' സ്വപ്നയുടെ ബയോഡാറ്റയിലെ റഫറന്‍സ് പേരുകളില്‍ ഒന്ന് എന്റെതായിരുന്നു എന്നല്ലാതെ അവരെ ജോലിക്ക് എടുക്കണമെന്നോ അവരെത്തന്നെ സ്പേസ് പാര്‍ക്കില്‍ ജോലിക്കായി നിയോഗിക്കണമെന്നോ ഞാന്‍ ഒരു സമയത്തും എവിടേയും നിര്‍ദേശം നല്‍കിയിട്ടില്ല''. ഈ വാദം സ്വപ്ന തള്ളിക്കളഞ്ഞിരുന്നു.

സ്വപ്നയുടെ നിയമനം വിവാദമായതിനെ തുടര്‍ന്ന് ധനകാര്യ പരിശോധന വിഭാഗം നടത്തിയ പരിശോധനയിലെ കണ്ടെത്തലും സ്വപ്നയുടെ വിശദീകരണത്തെ ബലപ്പെടുത്തുന്നു. ശിവശങ്കര്‍, കെഎസ്ഐടിഎല്‍ എംഡി ഡോ സി ജയശങ്കര്‍ പ്രസാദ്, സ്പേസ് പാര്‍ക്ക് സെപ്ഷ്യല്‍ ഓഫീസര്‍ സന്തോഷ് കുറുപ്പ് എന്നിവരുടെ ഭാഗത്ത് നിന്ന് ഉണ്ടായ ആസൂത്രിതവും ബോധപൂര്‍വവുമായ പ്രവൃത്തികള്‍ മൂലമാണ് ആവശ്യമായ യോഗ്യതയില്ലാത്ത സ്വപ്നയെ പിഡബ്ലുസി മുഖേനെ നിയമിച്ചത്. 1906730 രൂപ ശമ്പളമായി നല്‍കി. ഇതില്‍ ജിഎസ്ടി ഒഴികെയുള്ള തുക പിഡബ്ലുസിയില്‍ നിന്ന് ഈടാക്കാനും ധനകാര്യ പരിശോധന വിഭാഗം ശിപാര്‍ശ നല്‍കി. പിഡബ്ലുസിയില്‍ നിന്നും ഈടാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ശിവശങ്കര്‍ അടക്കമുള്ളവരില്‍ നിന്ന് തിരികെ പിടിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിച്ചിരുന്നു.

Similar Posts