ഗൂഢാലോചനാക്കേസിൽ മുൻകൂർ ജാമ്യം തേടി സ്വപ്ന
|പൊലീസ് നടപടിയിൽ സ്വപ്നയും സരിത്തും നിയമോപദേശം തേടി
കൊച്ചി: ഗൂഢാലോചനാക്കേസിൽ മുൻകൂർ ജാമ്യം തേടി സ്വപ്ന സുരേഷ്. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. മുഖ്യമന്ത്രിയും കുടുംബവും രാജ്യവിരുദ്ധവുമായ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുവെന്നാണ് പ്രധാന ആരോപണം. രാജ്യവിരുദ്ധ പ്രവർത്തനത്തിന് തന്നെ ഉപയോഗിച്ചുവെന്നും സ്വപ്നയുടെ ജാമ്യാപേക്ഷയിൽ പറയുന്നു.പൊലീസ് നടപടിയിൽ സ്വപ്നയും സരിത്തും നിയമോപദേശം തേടിയിരുന്നു. ഹൈക്കോടതി അഭിഭാഷകനിൽ നിന്നാണ് നിയമോപദേശം തേടിയത്.
അതേസമയം സ്വപ്ന മുഖ്യമന്ത്രിക്കെതിരെ നല്‍കിയ രഹസ്യമൊഴിയുടെ പകർപ്പ് ലഭിക്കാൻ ഇ.ഡി നീക്കം ആരംഭിച്ചു. ഇതിനായി എൻഫോഴ്സ്മെന്‍റ് കോടതിയിൽ അപേക്ഷ നൽകും. കസ്റ്റംസ് കേസില്‍ രഹസ്യമൊഴി നല്‍കി ഒന്നരവര്‍ഷത്തിനുശേഷമാണ് നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷ് വീണ്ടും രഹസ്യമൊഴി നൽകിയത്.
സ്വപ്നയുടെ ആരോപണങ്ങൾക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി കെ.ടി ജലീൽ നൽകിയ പരാതി അന്വേഷിക്കാനുള്ള പ്രത്യേക സംഘത്തിന് ഇന്ന് രൂപം നൽകും. കേസിൽ കർശന നടപടി സ്വീകരിക്കാനാണ് മുഖ്യമന്ത്രിയുടെ നിർദേശം. കേസിൽ സ്വപ്ന സുരേഷ് ഒന്നാം പ്രതിയും പി.സി ജോർജ് രണ്ടാം പ്രതിയുമാണ് .മുൻകൂർ ജാമ്യം തേടി സ്വപ്നയും സരിത്തും ഹൈക്കോടതിയെ സമീപിച്ചേക്കും. അതേസമയം സരിത്തിൽ നിന്ന് പിടിച്ചെടുത്ത ഫോൺ വിജിലൻസ് ഫോറൻസിക് പരിശോധനയ്ക്ക് അയക്കും.