Kerala
Swapna suresh discussion photo

Swapna suresh

Kerala

ഒത്തുതീർപ്പ് ആരോപണത്തിന് പിന്നാലെ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് സ്വപ്‌ന സുരേഷ്

Web Desk
|
9 March 2023 12:39 PM GMT

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങൾ പിൻവലിച്ചാൽ 30 കോടി രൂപ തരാമെന്ന് പറഞ്ഞ് വിജയ് പിള്ളയെന്ന വ്യക്തിയാണ് സമീപിച്ചതെന്ന് സ്വപ്‌ന സുരേഷ്.

കൊച്ചി: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങൾ പിൻവലിക്കാൻ ആവശ്യപ്പെട്ട് ഇടനിലക്കാരൻ സമീപിച്ചെന്ന ആരോപണത്തിന് പിന്നാലെ കൂടിക്കാഴ്ചയുടെയും വാട്‌സ്ആപ്പ് ചാറ്റിന്റെയും ദൃശ്യങ്ങൾ സ്വപ്‌ന സുരേഷ് പുറത്തുവിട്ടു. വിജയ് പിള്ള എന്ന വ്യക്തിയാണ് തന്നെ സമീപിച്ചതെന്നാണ് സ്വപ്‌ന വെളിപ്പെടുത്തിയത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നിർദേശപ്രകാരമാണ് വിജയ് പിള്ള എത്തിയതെന്നും സ്വപ്‌ന ആരോപിച്ചിരുന്നു.

30 കോടി രൂപ തരാമെന്നായിരുന്നു വിജയ് പിള്ള ഓഫർ ചെയ്തത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ മുഴുവൻ ആരോപണങ്ങളും പിൻവലിക്കണം. എല്ലാം കളവാണെന്ന് പറഞ്ഞ് ഹരിയാനയിലോ ജയ്പൂരിലോ പോയി ജീവിക്കണമെന്നായിരുന്നു ഇടനിലക്കാരന്റെ ആവശ്യം. ഒത്തുതീർപ്പിന് തയ്യാറായില്ലെങ്കിൽ തന്നെ തീർത്തുകളയുമെന്നാണ് എം.വി ഗോവിന്ദൻ മുന്നറിയിപ്പ് നൽകിയതെന്നും സ്വപ്‌ന പറഞ്ഞു.

എന്തൊക്കെ ഭീഷണി വന്നാലും താൻ ആരോപണങ്ങളിൽനിന്ന് പിന്നോട്ട് പോകില്ലെന്നും സ്വപ്‌ന വ്യക്തമാക്കി. തന്നെ പലതവണയായി ഇടനിലക്കാർ സമീപിച്ചിട്ടുണ്ട്. അവരോടും ഇതേ നിലപാട് തന്നെയാണ് പറഞ്ഞത്. കേരളത്തെ കൊള്ളയടിച്ച് മുഖ്യമന്ത്രി മകൾക്കായി ഒരു സാമ്രാജ്യം പണിയുകയാണ്. അത് കേരളത്തിലെ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാണിക്കുമെന്നും സ്വപ്‌ന വ്യക്തമാക്കി.

Similar Posts