സ്വർണക്കടത്ത് കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് സ്വപ്‌ന സുരേഷ്
|കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും പങ്കുണ്ടെന്നും പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറയുന്നു
പാലക്കാട്: സ്വർണക്കടത്ത് കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് പ്രധാനമന്ത്രിക്ക് കത്തയച്ചു. കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും പങ്കുണ്ടെന്നും സംസ്ഥാന സർക്കാറിനെതിരെ അന്വേഷണം വേണമെന്നുമാണ് കത്തിൽ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്.
'കേസിൽ പ്രധാന പങ്ക് വഹിച്ചത് ശിവശങ്കർ ഐ.എ.എസാണ്. രഹസ്യമൊഴിയുടെ പേരിൽ തന്നെയും അഭിഭാഷകനെയും എച്ച്.ആർ.ഡി.എസിനെയും നിരന്തരം സർക്കാർ ദ്രോഹിക്കുന്നു. ഇക്കാര്യത്തിൽ പ്രധാനമന്ത്രി ഉടൻ ഇടപെടണം. പ്രധാനമന്ത്രിയെ നേരിട്ട് കാണാൻ അനുമതി നൽകണമെന്നും സ്വപ്ന ആവശ്യപ്പെട്ടിട്ടുണ്ട്.എച്ച്.ആർ.ഡി.എസിന്റെ ലെറ്റർ പാഡിലാണ് കത്ത് നൽകിയത്.
അതേസമയം, മുൻമന്ത്രി കെ. ടി ജലീലിന്റെ പരാതിയിൽ സ്വപ്ന സുരേഷിനെതിരെ രജിസ്റ്റർ ചെയ്ത കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ എഫ് ഐ എസ് അടക്കമുള്ള രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നൽകിയിട്ടുണ്ട്. . കെ.ടി. ജലീൽ ചെയ്ത കുറ്റത്തെക്കുറിച്ചുള്ള വസ്തുതകൾ വെളിപ്പെടുത്തുന്നത് തടയാനാണ് പരാതി നൽകുകയും അതിന് പിന്നാലെ കേസെടുക്കുകയും ചെയ്തതെന്നാണ് സ്വപനയുടെ ഹരജിയിലെ വാദം.