'നട്ടാൽ കുരുക്കാത്ത നുണ'; സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തൽ എന്ന പേരിൽ പുറത്തുവന്നവ അസംബന്ധമെന്ന് സിപിഎം
|'കേന്ദ്ര ഏജൻസി എടുത്ത കേസിൽ സംസ്ഥാനത്തിന് ഒന്നും ചെയ്യാനില്ലെന്ന കാര്യം സാമാന്യ ബുദ്ധിയുള്ളവർക്കറിയാം'
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തൽ എന്ന പേരിൽ പുറത്തുവന്നിരിക്കുന്ന കാര്യങ്ങൾ അസംബന്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. കേന്ദ്ര ഏജൻസി എടുത്ത കേസിൽ സംസ്ഥാനത്തിന് ഒന്നും ചെയ്യാനില്ലെന്ന കാര്യം സാമാന്യ ബുദ്ധിയുള്ളവർക്കറിയാം. കേസുകൾ പിൻവലിക്കാൻ വാഗ്ദാനം നൽകി എന്നത് നട്ടാൽ കുരുക്കാത്ത നുണയാണ്. പ്രതിപക്ഷവും മാധ്യമങ്ങളും ചേർന്ന് തയ്യാറാക്കുന്ന തിരക്കഥയിൽ പുതിയ കഥകളും കൂട്ടിച്ചേർക്കപ്പെടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു.
സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണത്തെ രാഷ്ട്രീയമായും നിയമപരമായും പ്രതിരോധിക്കാനാണ് സിപിഎം തീരുമാനം. ജനകീയ പ്രതിരോധ ജാഥയുടെ ശോഭ കെടുത്താനുള്ള ആസൂത്രിത ശ്രമമാണെന്നും ആരോപണം നിയമപരമായി നേരിടുമെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. മുപ്പത് കോടി വാഗ്ദാനം ചെയ്തുവെന്ന ആരോപണത്തെ പാർട്ടി സെക്രട്ടറി പരിഹസിച്ച് തള്ളി
സ്വർണക്കടത്ത് കേസ് ഒത്ത് തീർപ്പാക്കാൻ വേണ്ടി മുഖ്യമന്ത്രിയും എംവി ഗോവിന്ദനും ഇടനിലക്കരാനെ വിട്ടു എന്നതായിരിന്നു സ്വപ്ന സുരേഷ് ഇന്നലെ ഉന്നയിച്ച ആരോപണം. എന്നാൽ സ്വപ്നയുടെ ആരോപണത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നാണ് സിപിഎം നിലപാട്. ആരോപണം പൂർണമായും തള്ളിയ എംവി ഗോവിന്ദൻ സ്വപ്ന പറഞ്ഞ വിജേഷ് പിള്ളയെ അറിയില്ലെന്ന് വ്യക്തമാക്കി. വിജേഷ് പിള്ള ഡിജിപിക്ക് നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തി സ്വപ്നയുടെ ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന് പരിശോധിക്കാനാണ് സംസ്ഥാന സർക്കാരിൻറെ നീക്കം.