'സ്വരാജിന്‍റെ തോല്‍വി അപ്രതീക്ഷിതം'; എറണാകുളം ജില്ലയിലെ തോല്‍വിയെ വിമര്‍ശിച്ച് സി.പി.എം തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട്
|സംസ്ഥാനത്താകെയുള്ള ഇടതുമുന്നേറ്റത്തില്‍ എറണാകുളം ജില്ലക്ക് മുന്നേറാന്‍ സാധിച്ചില്ലെന്നും ആകെയുള്ള 14 മണ്ഡലങ്ങളില്‍ അഞ്ച് മണ്ഡലങ്ങളിലാണ് എല്‍.ഡി.എഫിന് വിജയിക്കാനായതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി
എറണാകുളം തൃപ്പുണിത്തുറ മണ്ഡലത്തിലെ സി.പി.എം സ്ഥാനാര്‍ഥി എം. സ്വരാജിന്‍റെ തോല്‍വി അപ്രതീക്ഷിതമെന്ന് സി.പി.എം തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. തൃപ്പുണിത്തുറ ഉള്‍പ്പെടുന്ന നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് സംഘടനാ പരിമിതികളുണ്ടായതായി കാണുന്നുവെന്നും ജില്ലാ നേതൃത്വം ഇത് കൈകാര്യം ചെയ്തതില്‍ കുറവ് സംഭവിച്ചതായും സി.പി.എം റിപ്പോര്‍ട്ട് അടിവരയിടുന്നു.
സംസ്ഥാനത്താകെയുള്ള ഇടതുമുന്നേറ്റത്തില്‍ എറണാകുളം ജില്ലക്ക് മുന്നേറാന്‍ സാധിച്ചില്ലെന്നും ആകെയുള്ള 14 മണ്ഡലങ്ങളില്‍ അഞ്ച് മണ്ഡലങ്ങളിലാണ് എല്‍.ഡി.എഫിന് വിജയിക്കാനായതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. തൃപ്പുണിത്തുറ, മൂവാറ്റുപ്പുഴ ഉള്‍പ്പെടുന്ന സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെട്ടെന്നും 2015 മുതലുള്ള വിവിധ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് മുന്നേറാന്‍ കഴിയുന്നില്ലായെന്നത് പരിശോധിക്കപ്പെടണമെന്നും സി.പി.എം തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. എല്‍.ഡി.എഫിന് 39.31 ശതമാനവും യു.ഡി.എഫിന് 42.8 ശതമാനവും എന്‍.ഡി.എക്ക് 8.78 ശതമാനവുമാണ് ജില്ലയിലെ വോട്ടിംഗ് ശതമാനം.
ജില്ലയിലെ സംഘടനാ ദൗര്‍ബല്യം കാരണം ആകെയുള്ള 14 നിയോജക മണ്ഡലങ്ങളില്‍ ഒമ്പതിടത്ത് എല്‍.ഡി.എഫിന് വോട്ട് കുറഞ്ഞതായും ഇതില്‍ അഞ്ച് മണ്ഡലങ്ങളില്‍ 5000ത്തിലധികം വോട്ടുകള്‍ കുറഞ്ഞതായും സി.പി.എം പറഞ്ഞു. എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളിലെ സ്വതന്ത്ര സ്ഥാനാര്‍ഥികളെ അംഗീകരിക്കാന്‍ ബന്ധപ്പെട്ട കമ്മിറ്റികള്‍ വേണ്ടത്ര തയ്യാറാകാതിരുന്നത് പരിശോധിക്കണമെന്നും തൃക്കാക്കരയില്‍ ഇത് കൂടുതല്‍ പ്രകടമായതായും റിപ്പോര്‍ട്ട് വ്യക്തമാക്കി.
ജില്ലയിലെ ട്വന്‍റി-20 സ്വാധീനത്തെയും സി.പി.എം വിമര്‍ശനവിധേയമാക്കുന്നു. ട്വന്‍റി-20 വോട്ട് പിടിച്ചതു കൊണ്ട് രണ്ട് മുന്നണികളുടെയും വോട്ട് കുറഞ്ഞതായി കാണുന്നതായും 1,45,664 വോട്ട് (7.27%) വോട്ട് ട്വന്‍റി-20 പിടിച്ചതില്‍, പാര്‍ട്ടി വോട്ടും നഷ്ടപ്പെട്ടത് ഗൗരവമായി കാണണമെന്നും സി.പി.എം പറഞ്ഞു. പിറവം മണ്ഡലത്തില്‍ കാല്‍ലക്ഷം വോട്ടിന്‍റെ കനത്ത തോല്‍വി സംഭവിക്കാനിടയായത് പരിശോധിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.