Kerala
സ്വിഫ്റ്റിന് ചിറകുവച്ചു; വോൾവോയുടെ സ്ലീപ്പർ ബസ് ഇന്നെത്തും
Kerala

സ്വിഫ്റ്റിന് ചിറകുവച്ചു; വോൾവോയുടെ സ്ലീപ്പർ ബസ് ഇന്നെത്തും

Web Desk
|
4 March 2022 1:27 AM GMT

സ്വിഫ്റ്റിലേക്കുള്ള ഡ്രൈവർ കം കണ്ടക്ടർ റാങ്ക് ലിസ്റ്റ് ഈ ആഴ്ച പ്രസിദ്ധീകരിക്കുമെന്ന് മാനേജ്മെന്‍റ് അറിയിച്ചു

ദീർഘദൂര സർവീസ് നടത്തിപ്പിനായി കെ.എസ്.ആര്‍.ടി.സി രൂപീകരിച്ച സ്വിഫ്റ്റ് കമ്പനിക്കുള്ള ആദ്യ ബസ് ഇന്ന് തിരുവനന്തപുരത്തെത്തും. അത്യാധുനിക ലക്ഷ്വറി സംവിധാനങ്ങളുള്ള വോൾവോയുടെ സ്ലീപ്പർ ബസാണിത്. സ്വിഫ്റ്റിലേക്കുള്ള ഡ്രൈവർ കം കണ്ടക്ടർ റാങ്ക് ലിസ്റ്റ് ഈ ആഴ്ച പ്രസിദ്ധീകരിക്കുമെന്ന് മാനേജ്മെന്‍റ് അറിയിച്ചു.

വോൾവോ ഷാസിയിൽ വോൾവോ തന്നെ ബോഡി നിർമ്മിച്ച സ്ലീപ്പർ ബസുകളിലൊന്നാണ് തിരുവനന്തപുരത്തെത്തുന്നത്. ഇത് കൂടാതെ അശോക് ലൈലാന്‍റ് കമ്പനിയുടെ ല​ക്ഷ്വറി ശ്രേണിയിൽപ്പെട്ട 20 സെമി സ്ലീപ്പർ , 72 എയർ സസ്പെൻഷൻ നോൺ എ.സി ബസുകളും ഘട്ടം ഘട്ടമായി ഈ മാസവും അടുത്ത മാസവും കൊണ്ട് കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിന് ലഭിക്കും. ഏഴ് വർഷം കഴിഞ്ഞ കെ.എസ്.ആര്‍.ടി.സിയുടെ 704 ബസുകൾക്ക് പകരമായിട്ടാണ് പുതിയ ബസുകൾ എത്തുന്നത്. അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് അത്യാധുനിക ശ്രേണിയിൽപ്പെട്ട ബസുകൾ കെ.എസ്.ആര്‍.ടി.സിക്കായി വാങ്ങുന്നത്.

സർക്കാർ അനുവദിച്ച 50 കോടി രൂപയിൽ നിന്നും 44.84 കോടി രൂപ ഉപയോ​ഗിച്ചാണ് അത്യാധുനിക ശ്രേണിയിൽ ഉള്ള 100 പുതു പുത്തൻ ബസുകൾ പുറത്തിറക്കുന്നത്. ബാക്കിയുള്ള 5.16 കോടി രൂപയ്ക്ക് 16 ബസുകൾ കൂടി ടെണ്ടര്‍ നിരക്കിൽ വാങ്ങുവാനുള്ള ഉത്തരവും സർക്കാർ നൽകി. ഇതോടെ 116 ബസുകളാണ് ഉടൻ കെ.എസ്.ആര്‍.ടി.സി- സ്വിഫ്റ്റൽ എത്തുന്നത്. അതേസമയം സ്വിഫ്റ്റിനു എതിരായ ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 23ലേക്ക് മാറ്റി.

Similar Posts