'ഈസ്റ്ററിന് മുമ്പ് ഏകീകൃത കുർബാനയിലേക്ക് മാറണം'; എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് മാർപ്പാപ്പയുടെ കത്ത്
|അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പാക്കത്തതിൽ വത്തിക്കാൻ നേരത്തെയും അതൃപ്തി അറിയിച്ചിരുന്നു
സിറോ മലബാർ സഭയിലെ കുർബാന ഏകീകരണത്തിൽ എറണാകുളം -അങ്കമാലി അതിരൂപതയ്ക്ക് മാർപാപ്പയുടെ അന്ത്യശാസനം. ഈസ്റ്ററിന് മുന്പ് കുർബാന ഏകീകരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പോപ്പ് അതിരൂപതയ്ക്ക് കത്തയച്ചു. ജനാഭിമുഖ കുർബാനക്ക് പകരം അൾത്താര അഭിമുഖ കുർബാന നടപ്പാക്കണമെന്നാണ് ഫ്രാൻസിസ് മാർപ്പാപ്പ നൽകിയിരിക്കുന്ന നിർദേശം. എറണാകുളം അങ്കമാലി അതിരൂപതാ മേജർ ആർച്ച് ബിഷപ്പ്, ബിഷപ്പിന്റെ വികാരി, അതിരൂപതയിലെ വൈദികർ, സന്യസ്തർ, അൽമായ വിശ്വാസികൾ എന്നിവർക്കാണ് പോപ്പ് കത്തയച്ചിരിക്കുന്നത്. സിനഡ് നിശ്ചയിച്ച പോലെ ഏകീകൃത കുർബാന നടപ്പാക്കണമെന്ന് നിർദേശിച്ചുള്ള കത്തിൽ പുരോഹിതർക്കുള്ള ബാധ്യതയും ഓർമിപ്പിച്ചു. ഏകീകൃത രീതി നടപ്പാക്കാത്തത് ഖേദകരമെന്നും കത്തിൽ പറഞ്ഞു.
മറ്റു രൂപതകൾ കുർബാന ഏകീകരണം നടപ്പാക്കിയപ്പോൾ എറണാകുളം അങ്കമാലി അതിരൂപത പിന്നോട്ടുപോയത് സ്വയം വിലയിരുത്തണമെന്നും പരാമർശമുണ്ട്. സിറോ മലബാർ സഭയിലെ 34 രൂപതകളാണ് ഇതിനകം ഏകീകൃത രീതിയിലേക്ക് മാറിയിട്ടുള്ളത്. കുർബാന ഏകീകരണത്തിനെതിരെ പ്രതിഷേധം തുടർന്നുവരുന്നതിനിടെയാണ് മാർപ്പാപ്പയുടെ കത്ത്.
അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പാക്കത്തതിൽ വത്തിക്കാൻ നേരത്തെയും അതൃപ്തി അറിയിച്ചിരുന്നു. മാർ ആന്റണി കരിയിലിനെ കത്തിലൂടെയാണ് വത്തിക്കാൻ അതൃപ്തി അറിയിച്ചത്. സിനഡ് തീരുമാനത്തിൽ ഇളവ് അനുവദിക്കാൻ മെത്രാന് അനുവാദമില്ലെന്നും കത്തിൽ പറഞ്ഞിരുന്നു. ഏകീകൃത കുർബാനക്കുള്ള ഇളവ് ചട്ടവിരുദ്ധമാണെന്നും വത്തിക്കാനിൽ നിന്നുള്ള കത്തിൽ പറഞ്ഞു.
ഏകീകൃത കുർബാന നടപ്പാക്കേണ്ടെന്ന എറണാകുളം- അങ്കമാലി അതിരൂപതയുടെ നിലപാടിന്റെ പശ്ചാത്തലത്തിൽ സിറോ മലബാർ സഭ സിനഡിന്റെ സ്ഥിരം സമിതി യോഗം അതിരൂപതക്കെതിരെ വത്തിക്കാനെ സമീപിക്കാൻ തീരുമാനിച്ചിരുന്നു.
'Switch to the Unified Mass before Easter'; Pope's letter to the Archdiocese of Ernakulam-Angamaly