അതിരൂപത ഭൂമിയിടപാട് വിവാദം; വത്തിക്കാൻ ഉത്തരവിനെതിരെ വൈദികർ രംഗത്ത്
|അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സഭക്ക് 19 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കിയതായാണ് ആലഞ്ചേരിക്കെതിരെയുള്ള പ്രധാന ആരോപണങ്ങളില്‍ ഒന്ന്
എറണാകുളം അങ്കമാലി അതിരൂപത ഭൂമിയിടപാട് വിവാദത്തിൽ അതിരൂപതയിലെ വൈദികർ അപ്പീൽ നൽകും. കർദിനാൾ ആലഞ്ചേരിയെ കുറ്റവിമുക്തനാക്കുന്ന വത്തിക്കാൻ ഉത്തരവിനെതിരെയാണ് വൈദികർ അപ്പീൽ നൽകുന്നത്. അതിരൂപതയിലെ ഭൂമി വിറ്റ് നഷ്ടം നികത്താൻ അനുവദിക്കില്ലെന്നും കർദ്ദിനാൾ ആലഞ്ചേരി ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും വൈദികർ ആവശ്യപ്പെട്ടു.
കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വത്തിക്കാന്‍ തന്നെ നിയമിച്ച അന്വേഷണ കമ്മീഷന്‍ ഗുരുതരമായ ആരോപണങ്ങളും ക്രമക്കേടുകളും കണ്ടെത്തിയിരുന്നു. അതുസംബന്ധിച്ച റിപ്പോര്‍ട്ടുകളും വത്തിക്കാന് കൈമാറുകയും ചെയ്തിരുന്നു. അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സഭക്ക് 19 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കിയതായാണ് ആലഞ്ചേരിക്കെതിരെയുള്ള പ്രധാന ആരോപണങ്ങളില്‍ ഒന്ന്. വത്തിക്കാന്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ അത് ശരിവെക്കുന്ന തരത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും. സുതാര്യമായല്ല ഭൂമിയിടപാട് നടന്നതെന്നും വസ്തുവിടപാട് നടത്തുന്ന ബ്രോക്കര്‍മാരുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം കൂടുതൽ തർക്കങ്ങളിലേക്ക് പോകാതെ വിവാദം അവസാനിപ്പിക്കാൻ വത്തിക്കാൻ നിർദേശം നൽകിയിരുന്നു. കോട്ടപ്പടിയിലെ സഭയുടെ ഭൂമി വിറ്റ് നഷ്ടം നികത്താനായിരുന്നു നീക്കം. കൂടുതല്‍ വിവാദങ്ങളില്‍പ്പെടുത്താതെ ജോര്‍ജ് ആലഞ്ചേരിയെ രക്ഷിക്കാനുള്ള നീക്കം കൂടിയായാണ് ഇതിനെ വിലയിരുത്തുന്നത്. ഇതിനെതിരെയാണ് ഇപ്പോള്‍ അതിരൂപതയിലെ വൈദികര്‍ തന്നെ രംഗത്തുവന്നത്. വത്തിക്കാന്‍ സുപ്രിം ട്രിബ്യൂണില്‍ അപ്പീല്‍ നല്‍കാനാണ് വൈദികരുടെ തീരുമാനം. ഏകദേശ 400ഓളം വൈദികര്‍ ആലഞ്ചേരിക്കെതിരെ രംഗത്തുവന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിരൂപതയിലെ ഭൂമി വിറ്റ് നഷ്ടം നികത്താൻ അനുവദിക്കില്ലെന്നും കർദ്ദിനാൾ ആലഞ്ചേരി ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നുമാണ് വൈദികരുടെ പക്ഷം. 10 ദിവസത്തിനകം അപ്പീൽ നൽകാന്‍ സാധിച്ചാല്‍ ആലഞ്ചേരിയെ രക്ഷിക്കുന്ന തരത്തിലുള്ള ഉത്തരവ് നടപ്പാക്കുന്നത് മരവിപ്പിക്കാന്‍ സാധിക്കും.