മുഖ്യമന്ത്രിയുടെ വിമർശനത്തിന് പിന്നാലെ ബിഷപ്പിന് സിറോ മലബാർ സഭയുടെ ഐക്യദാർഢ്യം
|സിറോ മലബാർ സഭയുടെ പബ്ലിക് അഫേഴ്‌സ് കമ്മീഷൻ പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് ബിഷപ്പിന് പിന്തുണയുമായി സഭയെത്തിയത്
മുഖ്യമന്ത്രിയുടെ വിമർശനത്തിന് പിന്നാലെ, വിവാദ നാർക്കോട്ടിക് ജിഹാദ് പ്രസ്താവന നടത്തിയ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് സിറോ മലബാർ സഭ. സിറോ മലബാർ സഭയുടെ പബ്ലിക് അഫേഴ്‌സ് കമ്മീഷൻ പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് ബിഷപ്പിന് പിന്തുണയുമായി സഭയെത്തിയത്.
ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ ശ്രമം നടക്കുന്നതായും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നുള്ള മുറവിളി ആസൂത്രിതമാണെന്നും സഭ ആരോപിച്ചു.
ബിഷപ്പ് എതെങ്കിലും മതത്തേയോ വിശ്വാസത്തെയോ അപകീർത്തിപ്പെടുത്തി സംസാരിച്ചിട്ടില്ലെന്നും വിവാദം ദൗർഭാഗ്യകരമാണെന്നും സംഘടിത സാമൂഹിക വിരുദ്ധ പ്രവർത്തനത്തെ കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് അദ്ദേഹം ചെയ്തതെന്നും വാർത്താകുറിപ്പിൽ പറഞ്ഞു.
മയക്കുമരുന്നു പോലുള്ള എല്ലാ സാമൂഹിക വിരുദ്ധപ്രവർത്തനങ്ങളോടും അകലം പ്രാപിക്കുന്നവരാണ് കേരളത്തിലെ എല്ലാ മതസമൂഹങ്ങളും സംഘടനകളുമെന്നും കേരളത്തിലും ഈ 'മരണ വ്യാപാരം' നടക്കുന്നുണ്ടെന്നും ഇതിനെതിരെ മുന്നറിയിപ്പ് നൽകുകയായിരുന്നു ബിഷപ്പെന്നും സഭ വിശദീകരിച്ചു.
കേരളത്തിൽ എളുപ്പം വിറ്റഴിയുന്ന മതസ്പർധ, വർഗീയത എന്നീ മുദ്ര ചാർത്തി വിഷയത്തിന്റെ ഗൗരവം നഷ്ടപ്പെടുത്തിയെന്നും പ്രസംഗം വിശ്വാസികളോട് നടത്തിയ ഉപദേശമായിരുന്നുവെന്നത് അവഗണിച്ചുവെന്നും കുറിപ്പിൽ പറഞ്ഞു.
അതിനാൽ ബിഷപ്പിനെതിരെ നടപടി സ്വീകരിക്കണമെന്ന മുറവിളി സാമുദായിക ഐക്യം നഷ്ടപ്പെടുത്താനേ ഉപകരിക്കൂവെന്നും അതിനാൽ വിവാദം നിർത്തണമെന്നും ബിഷപ്പിനൊപ്പം നിലകൊള്ളുമെന്നും സഭ വ്യക്തമാക്കി.
കേരളത്തിന്റെ മതസൗഹാദവും സാമുദായിക ഐക്യവും കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും സഭാ അധികൃതർ പറഞ്ഞു. ഓൺലൈനായി നടന്ന യോഗത്തെ തുടർന്നാണ് വാർത്താകുറിപ്പ് പുറത്തിറക്കിയത്. യോഗത്തിൽ സിറോ മലബാർ സഭയുടെ പബ്ലിക് അഫേഴ്‌സ് കമ്മീഷൻ ചെയർമാൻ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു.