സിറോ മലബാർ സഭ ഭൂമി ഇടപാട്; കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചു
|കേസിൽ ആലഞ്ചേരി ഉൾപ്പെടെ 24 പ്രതികളാണുള്ളത്
സിറോ മലബാർ സഭ ഭൂമി ഇടപാടിൽ കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. ഇടപാടുകളിലെ കള്ളപ്പണത്തെക്കുറിച്ചാണ് അന്വേഷണം. കേസിൽ ആലഞ്ചേരി ഉൾപ്പെടെ 24 പ്രതികളാണുള്ളത്.
സിറോ മലബാർ സഭ ഭൂമി കച്ചവടത്തിൽ ആധാരം വില കുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്ന പരാതിയിലാണ് ഇഡി കേസെടുത്തത്. ഭൂമി വിൽപനയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകൾ നടന്നതായും ഇഡി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കർദിനാൾ മാർ ജോർജ് ആലഞ്ചേരി അടക്കം 24 പേരാണ് കേസിലെ പ്രതികൾ. ഭൂമി വില്‍പനയിലെ ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കേസന്വേഷണത്തിന്‍റെ ഭാഗമായി ഇടനിലക്കാർക്ക് ഇഡി നോട്ടീസ് അയച്ചു.
വിവാദമായ സഭാ ഭൂമിയിടപാട് കേസിൽ കർദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ റവന്യു സംഘത്തിന്‍റെ അന്വേഷണവും നടക്കുന്നുണ്ട്. ഇടപാടിൽ സർക്കാർ പുറമ്പോക്ക് ഉൾപ്പെട്ടിട്ടുണ്ടോ, സർക്കാർ ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് അന്വേഷണം. വ്യാജപട്ടയം ഉണ്ടാക്കിയും തണ്ടപ്പേര് തിരുത്തിയും ഇടപാട് നടന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.