'സമസ്ത തീരുമാനിക്കാത്ത അഭിപ്രായങ്ങൾ പറയുന്നു'- ഉമർ ഫൈസിയെ തള്ളി എസ്വൈഎസ്
|പാണക്കാട് കുടുംബത്തെ ആക്രമിക്കുന്നത് ശരിയല്ലെന്നും സമസ്തയുടെ പണ്ഡിതന്മാർ വിഷയത്തിൽ ഇടപെടുമെന്നും എസ്വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ മീഡിയവണിനോട് പറഞ്ഞു
മലപ്പുറം: ഉമർ ഫൈസി മുക്കത്തെ തള്ളി എസ്വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ. ഉമർ ഫൈസി ജനറൽ സെക്രട്ടറിയെ മറികടന്ന് സമസ്ത തീരുമാനിക്കാത്ത അഭിപ്രായങ്ങൾ പരസ്യമായി പറയുകയാണ്. സമസ്തയിലെ അസ്വാരസ്യങ്ങൾ തീർക്കുന്നതിനിടെ അതിനെ ബാധിക്കുന്ന രീതിയിലാണ് ഉമർ ഫൈസി സംസാരിച്ചത്.
പാണക്കാട് കുടുംബത്തെ ആക്രമിക്കുന്നത് ശരിയല്ല. സമസ്തയുടെ പണ്ഡിതന്മാർ വിഷയത്തിൽ ഇടപെടുമെന്നും നേതൃത്വം വിഷയം കൃത്യമായി ചർച്ച ചെയ്യുന്നുണ്ടെന്നും അബ്ദുസമദ് പൂക്കോട്ടൂർ മീഡിയവണിനോട് പറഞ്ഞു.
ഇവിടെയുള്ള ഖാസിമാർ സമുദായത്തിന്റെ ഐക്യത്തെയും കെട്ടുറപ്പിനെയും നിലനിർത്തി പോരാനുള്ള ഒരു ആയുധം മാത്രമേ ഉള്ളൂ. മതപരമായ കാര്യങ്ങളിൽ ഫത്വ വേണമെങ്കിൽ ആളുകൾ സമസ്തയോട് ചോദിക്കും. സിഐസി ജനറൽ സെക്രട്ടറിയായി സമസ്ത പുറത്താക്കിയ ആളെ വീണ്ടും കൊണ്ടുവന്നത് ശരിയായില്ലെന്നും അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.