സർക്കാർ നിലപാടുകൾക്കെതിരെ പ്രതിഷേധം; കേസെടുത്ത് പരാജയപ്പെടുത്താമെന്നത് വ്യാമോഹം: എസ്.വൈ.എസ്
|തിരൂരങ്ങാടിയിലെ തെന്നലയിൽ വഖഫ്് സംരക്ഷണ പൊതുയോഗത്തിൽ കോവിഡ് നിയമം ലംഘിച്ചു എന്ന് പറഞ്ഞാണ് പൊലീസ് പൂക്കോട്ടൂരിനെതിരെ കേസെടുത്തത്.
ന്യൂനപക്ഷാവകാശ ലംഘനങ്ങൾക്കെതിരെ പ്രഭാഷണം നടത്തിയതിന് സുന്നീ യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂരിനെതിരെ കേസെടുത്തത് പ്രതിഷേധാർഹമാണെന്നും തികച്ചും ജനാധിപത്യ രീതിയിൽ നിയമപരമായി സംഘടിപ്പിക്കപ്പെട്ട പൊതുയോഗത്തിൽ പങ്കെടുത്തവരെ പോലും പ്രതികളാക്കിയും ഭീഷണിപ്പെടുത്തിയും പൊലീസിനെ ഉപയോഗിച്ച് ന്യൂനപക്ഷ അവകാശ നിഷേധങ്ങൾക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ തകർക്കാമെന്നത് സംസ്ഥാന സർക്കാറിന്റെ വ്യാമോഹം മാത്രമാണെന്നും എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ കോവിഡ് നിയന്ത്രണ പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനിടയിലും ഭരണകക്ഷികളടക്കമുള്ളവരുടെയും മറ്റും യോഗങ്ങളും പ്രകടനങ്ങളും നിർബാധം നടന്നിട്ടും കേസെടുക്കാത്ത പൊലീസ് നിയമവും സമയക്രമങ്ങളും പാലിച്ച് നടത്തിയ പൊതുയോഗത്തിനും പ്രഭാഷകനുമെതിരെ കേസെടുത്തത് ഒരു നിലക്കും ന്യായീകരിക്കാനാവില്ലെന്ന് എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, സംസ്ഥാന സെക്രട്ടറി ഹംസ റഹ്‌മാനി കൊണ്ടിപ്പറമ്പ്, ജില്ലാ ജനറൽ സെക്രട്ടറി സലീം എടക്കര, ട്രഷറർ അബ്ദുൽ ഖാദിർ ഫൈസി കുന്നുംപുറം, വൈസ് പ്രസിഡന്റ് ഷാഹുൽ ഹമീദ് മാസ്റ്റർ എന്നിവർ സംയുക്ത പ്രസ്ഥാവനയിൽ പറഞ്ഞു. മത നേതാക്കൾക്കെതിരെ ആഭ്യന്തര വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം പ്രവണതകൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.