Kerala
t n prathapan welcomes rahul gandhi to his house
Kerala

പ്രിയപ്പെട്ട രാഹുൽ ഗാന്ധി, എന്‍റെ വീട് അങ്ങയുടെ വീടാണ്: ടി.എന്‍ പ്രതാപന്‍

Web Desk
|
23 April 2023 9:33 AM GMT

"നെഹ്റു സ്വത്തിൽ നിന്ന് പൊതുഖജനാവിലേക്ക് 192 കോടി രൂപ നൽകി. സ്വർണാഭരണങ്ങൾ മുഴുവൻ ഇന്ദിരാ ഗാന്ധി സൈന്യത്തിലേക്ക് നൽകി"

ഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് ഔദ്യോഗിക വസതി ഒഴിയേണ്ടിവന്ന സംഭവത്തില്‍ വികാരനിര്‍ഭരമായ കുറിപ്പുമായി ടി.എന്‍ പ്രതാപന്‍ എം.പി. സത്യം പറയുന്നതിന്റെ പേരിൽ, അഴിമതിക്കാരുടെ പൊയ്‌മുഖങ്ങൾ തുറന്നുകാട്ടുന്നതിന്റെ പേരിൽ, വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ പെട്ടിക്കടയെങ്കിലും തുറക്കുമെന്ന് ശപഥം ചെയ്തിറങ്ങിയതിന്റെ പേരിൽ രാഹുൽ ഗാന്ധിയെ ഔദ്യോഗിക വസതിയിൽ നിന്ന് പുറത്താക്കാനുള്ള ചട്ടങ്ങൾ അവര്‍ കെട്ടിയെന്ന് ടി.എന്‍ പ്രതാപന്‍ വിമര്‍ശിച്ചു.

നെഹ്റു കുടുംബം രാജ്യത്തിന് നല്‍കിയ സംഭാവനകളും ടി.എന്‍ പ്രതാപന്‍ വിശദീകരിച്ചു. അലഹബാദിലെ ആനന്ദ ഭവനും സ്വരാജ്യ ഭവനും മോത്തിലാൽ നെഹ്‌റു പണികഴിപ്പിച്ചതാണ്. നെഹ്‌റു കുടുംബത്തിന്റെ തറവാട്. പക്ഷെ ഇന്നത് സർക്കാർ സ്വത്താണ്. ആ കുടുംബവീട് അവർ രാജ്യത്തിന് നൽകി. ജവഹർലാൽ തന്റെ സ്വത്തിൽ നിന്ന് പൊതുഖജനാവിലേക്ക് 192 കോടി രൂപ സംഭാവനയായി നൽകി. ഇന്നത്തെ 12000 കോടി രൂപയെങ്കിലും മൂല്യം വരും അത്. തന്റെ കൈയിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ മുഴുവൻ ഇന്ദിരാ ഗാന്ധി ഇന്ത്യൻ സൈന്യത്തിന്റെ ക്ഷേമനിധിയിലേക്ക് സംഭാവന നൽകി. ഇന്ദിരയും രാജീവും ഈ മണ്ണിനായി അവരുടെ ജീവനും രക്തവും നൽകിയെന്നും ടി.എന്‍ പ്രതാപന്‍ പറഞ്ഞു. 'പ്രിയപ്പെട്ട രാഹുൽ ഗാന്ധി, എന്റെ വീട് അങ്ങയുടെ വീടാണ്' എന്നു പറഞ്ഞാണ് ടി.എന്‍ പ്രതാപന്‍ കുറിപ്പ് അവസാനിപ്പിച്ചത്.

ഇന്നലെയാണ് തുഗ്ലക് ലൈനിലെ ഔദ്യോഗിക വസതി രാഹുല്‍ ഗാന്ധി ഒഴിഞ്ഞത്. 19 വര്‍ഷമായി രാഹുല്‍ ഇവിടെയായിരുന്നു താമസം. മോദി പരാമര്‍ശത്തില്‍ കോടതി ശിക്ഷ വിധിച്ചതോടെ എംപി സ്ഥാനത്തു നിന്ന് രാഹുല്‍ അയോഗ്യനാക്കപ്പെട്ടു. ഇതോടെയാണ് ഔദ്യോഗിക വസതി ഒഴിഞ്ഞത്.

കുറിപ്പിന്‍റെ പൂര്‍ണരൂപം

അലഹബാദിലെ ആനന്ദ ഭവനും സ്വരാജ്യ ഭവനും മോത്തിലാൽ നെഹ്‌റു പണികഴിപ്പിച്ചതാണ്. നെഹ്‌റു കുടുംബത്തിന്റെ തറവാട് എന്നുപറയാം. പക്ഷെ ഇന്നത് സർക്കാർ സ്വത്താണ്. ആ കുടുംബവീട് അവർ രാജ്യത്തിന് നൽകി. ജവഹർലാൽ തന്റെ സ്വത്തിൽ നിന്ന് പൊതുഖജനാവിലേക്ക് 192 കോടി രൂപ സംഭാവനയായി നൽകി. ഇന്നത്തെ 12000 കോടി രൂപയെങ്കിലും മൂല്യം വരും അത്. തന്റെ കൈയിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ മുഴുവൻ ഇന്ദിരാ ഗാന്ധി ഇന്ത്യൻ സൈന്യത്തിന്റെ ക്ഷേമനിധിയിലേക്ക് സംഭാവന നൽകി. ഇന്ദിരയും രാജീവും ഈ മണ്ണിന് വേണ്ടി അവരുടെ ജീവനും രക്തവും നൽകി. ഇപ്പോൾ സത്യം പറയുന്നതിന്റെ പേരിൽ, അഴിമതിക്കാരുടെ പൊയ്‌മുഖങ്ങൾ തുറന്നുകാട്ടുന്നതിന്റെ പേരിൽ, വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ പെട്ടിക്കടയെങ്കിലും തുറക്കുമെന്ന് ശപഥം ചെയ്തിറങ്ങിയതിന്റെ പേരിൽ രാഹുൽ ഗാന്ധിയെ ഔദ്യോഗിക വസതിയിൽ നിന്ന് പുറത്താക്കാനുള്ള ചട്ടങ്ങൾ അവർ കെട്ടി. തുഗ്ലക് ലൈനിലെ തന്റെ ഔദ്യോഗിക വസതിയിൽ നിന്ന് രാഹുൽ താമസം ഒഴിഞ്ഞു. ഈ രാജ്യത്തിന് വേണ്ടി എല്ലാം ത്യജിച്ച ഒരു കുടുംബത്തിന്റെ പുതുതലമുറ ഇന്ന് ഈ രാജ്യത്തിന് വേണ്ടി തെരുവിൽ തന്നെയുണ്ട്. പ്രിയപ്പെട്ട രാഹുൽ ഗാന്ധി, എന്റെ വീട് അങ്ങയുടെ വീടാണ്.

Similar Posts