Kerala
താഹയുടെ ജാമ്യം ചരിത്രമാണ്, നീതിയാണ്: പ്രതികരണവുമായി അലന്‍ ഷുഐബ്
Kerala

''താഹയുടെ ജാമ്യം ചരിത്രമാണ്, നീതിയാണ്'': പ്രതികരണവുമായി അലന്‍ ഷുഐബ്

ijas
|
28 Oct 2021 3:58 PM GMT

2019 നവംബർ ഒന്നിനാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലനെയും താഹയേയും പന്തീരാങ്കാവ് പൊലീസ് അറസ്റ്റു ചെയ്തത്

പന്തീരങ്കാവ് യു.എ.പി.എ കേസിൽ താഹ ഫസലിന് ജാമ്യം അനുവദിച്ച സുപ്രിം കോടതി നടപടിയെ സ്വാഗതം ചെയ്ത് സുഹൃത്തും കേസിലെ മറ്റൊരു പ്രതിയുമായ അലന്‍ ഷുഐബ്. താഹയുടെ ഈ ജാമ്യ വിധി ചരിത്രമാണെന്നും നീതിയാണെന്നും പറഞ്ഞ അലന്‍ ജാമ്യം ലഭിച്ചതിലെ വലിയ സന്തോഷവും പങ്കുവെച്ചു.

'വ്യക്തിപരമായി എന്നെ സംബന്ധിച്ചിടത്തോളം ഇത് 10 മാസമായി ഞാൻ ഉള്ള അവസ്ഥയിൽ നിന്ന് ഒരു സമാധാനം ഉണ്ടാക്കുന്ന ഒന്ന് തന്നെയാണ്. ഈ അടുത്ത കാലത്തൊന്നും ഇത്ര സന്തോഷിച്ചിട്ടില്ല. ആളുകളുടെയും ഭരണകൂടത്തിന്‍റെയും സമ്മിശ്രമായ ഒറ്റപെടുത്തലും കുത്തുവാക്കുകളും അതിജീവിച്ച കാലം. താഹയും ഞാനും തമ്മിലുള്ള സൗഹൃദത്തിന്‍റെ ആഴം തിരിച്ചറിയാത്തവർ! ഈ വിധി ഇത്തരക്കാർക്കുള്ള മറുപടി തന്നെയാണ്. എല്ലാവരും മോചിതരാകുന്ന കാലം വരും''- അലന്‍ പറഞ്ഞു.

കേസില്‍ അലന്‍ ഷുഐബിന് അനുവദിച്ച ജാമ്യം ഇന്ന് സുപ്രിം കോടതി ശരിവെച്ചിരുന്നു. ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, എഎസ് ഓക എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്. 2019 നവംബർ ഒന്നിനാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലനെയും താഹയേയും പന്തീരാങ്കാവ് പൊലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റ് ചെയ്ത് ഒരു മാസത്തിനുള്ളിൽ കേസ് അന്വേഷണം എൻഐഎ ഏറ്റെടുക്കുകയായിരുന്നു.

അതെ സമയം താഹയ്ക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഉമ്മ ജമീല പറഞ്ഞു. മകന്‍റെ പഠനം മുടങ്ങി. ജയിലിൽ പഠിക്കാൻ സൗകര്യമില്ലായിരുന്നു. നാട്ടുകാരായ പാർട്ടിക്കാരുടെ സഹായം ലഭിച്ചു. കൂടെ നിന്നവരോടെല്ലാം നന്ദിയുണ്ട്- അവർ കൂട്ടിച്ചേർത്തു. ജാമ്യം ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് താഹയും പ്രതികരിച്ചു.

അലന്‍ ഷുഐബിന്‍റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്:

താഹയുടെ ഈ ജാമ്യ വിധി ഒരു ചരിത്രമാണ്. നീതിയാണ്! സന്തോഷമാണ്!. വ്യക്തിപരമായി എന്നെ സംബന്ധിച്ചിടത്തോളം ഇത് 10 മാസമായി ഞാൻ ഉള്ള അവസ്ഥയിൽ നിന്ന് ഒരു സമാധാനം ഉണ്ടാക്കുന്ന ഒന്ന് തന്നെയാണ്. ഈ അടുത്ത കാലത്തൊന്നും ഇത്ര സന്തോഷിച്ചിട്ടില്ല. ആളുകളുടെയും ഭരണകൂടത്തിന്‍റെയും സമ്മിശ്രമായ ഒറ്റപെടുത്തലും കുത്തുവാക്കുകളും അതിജീവിച്ച കാലം. താഹയും ഞാനും തമ്മിലുള്ള സൗഹൃദത്തിന്‍റെ ആഴം തിരിച്ചറിയാത്തവർ! ഈ വിധി ഇത്തരക്കാർക്കുള്ള മറുപടി തന്നെയാണ്. എന്നാൽ ഭരണകൂട വേട്ട ഒരിക്കലും അവസാനിച്ചിട്ടില്ല. കേസ് നിലവിൽ ഉണ്ട്. പരിമിതികൾ ഉണ്ട്. ഇനി താഹ ഇറങ്ങുവാനും അവനെ കാണാനും ഉള്ള കാത്തിരിപ്പാണ്.

കൂടെ നിന്നവർക്ക് നന്ദി. എല്ലാവരോടും സ്നേഹം പങ്കുവെക്കുന്നു. എല്ലാവരും മോചിതരാകുന്ന കാലം വരും. ഞാൻ ഹാപ്പി ആണ് ഗൂയ്‌സ്.

Similar Posts