Kerala
KeralaSalafismandwomen, MGMwomenconference

ജാമിഅ നദ്‌വിയ്യ വാർഷികത്തോടനുബന്ധിച്ച് നടന്ന എം.ജി.എം വനിതാ സമ്മേളനം സുഹ്‌റ മമ്പാട് ഉദ്ഘാടനം ചെയ്യുന്നു

Kerala

സ്ത്രീകളെ പൊതുരംഗത്തുനിന്ന് തടയുന്ന താലിബാൻശൈലി കേരളത്തിൽ കൊണ്ടുവരാനുള്ള ശ്രമം കരുതിയിരിക്കണം-എം.ജി.എം

Web Desk
|
12 Feb 2023 1:08 PM GMT

'ഒരുഭാഗത്ത് കപട ആത്മീയതകൊണ്ട് സ്ത്രീ നവോത്ഥാന പരിശ്രമങ്ങൾക്ക് തടസംനിൽക്കുകയും മറ്റൊരു ഭാഗത്ത് പുരോഗമനത്തിന്റെ മറവിൽ സ്ത്രീകളെ അവഹേളിക്കുകയും ചെയ്യുന്ന അവസ്ഥയാണ് സമൂഹത്തിൽ.'

എടവണ്ണ: സ്ത്രീകളുടെ പള്ളിപ്രവേശവും പൊതുരംഗപ്രവേശവും തടയാൻ ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്ന് എടവണ്ണ ജാമിഅ നദ്‌വിയ്യ വാർഷിക സമ്മേളനത്തിൻറെ ഭാഗമായി സംഘടിപ്പിച്ച വനിതാ സമ്മേളനം ആവശ്യപ്പെട്ടു. ഇസ്‌ലാമിക സംസ്‌കാരം കാത്തുസൂക്ഷിച്ച് സ്ത്രീകൾക്ക് പൊതുരംഗത്ത് പ്രവർത്തിക്കാൻ കഴിയും. ഇസ്‌ലാമിക ചരിത്രവും ലോകവും അതിനു സാക്ഷിയാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.

ഇസ്‌ലാമിക ലോകത്തെ സ്ത്രീകൾ വിദ്യാഭ്യാസ, സാമൂഹിക രംഗത്ത് വലിയ നേട്ടങ്ങൾ കരസ്ഥമാക്കുന്നത് കണ്ണുതുറന്നുകാണണം. ഇതൊന്നും കാണാതെ സ്ത്രീകളുടെ പുരോഗതിക്ക് തടസ്സം നിൽക്കുന്നത് അത്യന്തം അപലപനീയമാണ്. സ്ത്രീകളെ പൊതുരംഗത്തുനിന്ന് തടയുന്ന താലിബാൻശൈലി കേരളത്തിൽ കൊണ്ടുവരാനുള്ള ശ്രമം കരുതലോടെ കാണണമെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.

'ഒരുഭാഗത്ത് കപട ആത്മീയതകൊണ്ട് സ്ത്രീ നവോത്ഥാന പരിശ്രമങ്ങൾക്ക് തടസംനിൽക്കുകയും മറ്റൊരു ഭാഗത്ത് പുരോഗമനത്തിന്റെ മറവിൽ സ്ത്രീകളെ അവഹേളിക്കുകയും ചെയ്യുന്ന അവസ്ഥയാണ് സമൂഹത്തിൽ. എൽ.ജി.ബി.ടി.ക്യുവിന്റെയും ലൈംഗിക ന്യൂനപക്ഷ സംരക്ഷണത്തിന്റെയും മറവിൽ സമൂഹത്തിൽ നിലനിൽക്കുന്ന ധാർമിക, സദാചാര മൂല്യങ്ങൾ തകർക്കാൻ വ്യാപകമായ ശ്രമം നടക്കുകയാണ്.'

ധാർമികസമൂഹത്തെ തകർക്കാനുള്ള ആഗോള ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്ന് വ്യക്തമാണ്. പെൺകുട്ടികളുടെ കഴിവുകൾ ക്രിയാത്മകമായി ഉപയോഗപ്പെടുത്താൻ സമൂഹം തയാറാവണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

എം.ജി.എം സംസ്ഥാന പ്രസിഡന്റ് സുഹ്‌റ മമ്പാട് സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.ജി.എം എടവണ്ണ മണ്ഡലം പ്രസിഡന്റ് കെ.സി ഷാഹിന സ്വലാഹിയ്യ അധ്യക്ഷത വഹിച്ചു. ജാമിഅ നദ്‌വിയ്യ എം.ജി.എം സ്റ്റുഡൻറ്‌സ് യൂനിയൻ പുറത്തിറക്കുന്ന മാഗസിൻ 'മിശ്ക്കാത്ത്' എം.ജി.എം ജനറൽ സെക്രട്ടറി ഷമീമ ഇസ്‌ലാഹിയ്യ പ്രകാശനം ചെയ്തു. ആയിഷ ചെറുമുക്ക്, മുഹമ്മദലി മിഷ്‌കാത്തി, അൻസാർ നെൻമണ്ട, മുഹ്‌സിന മുഹ്‌സിൻ, സക്കീന നജാത്തിയ, ഫിദ ഫാത്തിമ നരിക്കുനി, ബാസില പി. പി. പട്ടാമ്പി, സഫ. എസ്. തിരുവനന്തപുരം, മിസ്രിയ പി., ഹലീമ ലേഖ എന്നിവർ സംസാരിച്ചു.

'തൗഹിദ് നിർഭയത്വത്തിൻറെ ആശയാടിത്തറ' എന്ന പ്രമേയത്തിൽ നടന്ന തർബിയത് സമ്മേളനം കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ മുഹമ്മദ് ഈസ മദനി ഉദ്ഘാടനം ചെയ്തു. ഉമർ മന്നിയിൽ അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ മദീനി, ഹദ്യത്തുല്ല സലഫി, അംജദ് അൻസാരി പുത്തൂർ, ജലീൽ മാമാങ്കര, ശഫീഖ് അസ്ലം, മുജീബ് സുല്ലമി മങ്കട, അനസ് കോഴിച്ചെന എന്നിവർ സംസാരിച്ചു.

'ശിർക്ക് നാശമാണ്; ഇഹത്തിലും പരത്തിലും' എന്ന പ്രമേയത്തിൽ നടന്ന ഓപ്പൺ ഫോറം കെ.എൻ.എം ജില്ലാ സെക്രട്ടറി ടി. യൂസുഫലി സ്വലാഹി ഉദ്ഘാടനം ചെയ്തു. സി. സലീം സുല്ലമി, നസീറുദ്ദീൻ റഹ്മാനി, അബ്ദുൽ ബാരി ബുസ്താനി, മുഹ്യുദ്ദീൻ മൗലവി പൊന്നാനി, അബൂബക്കർ കെ. വി. അബ്ദുറഹ് മാൻ ഫാറൂഖി പൊൻമള, അശ്വിൻ ആലുവ എന്നിവർ സംസാരിച്ചു.

'മാനവികതയുടെ സന്ദേശമാണ് നബിചര്യകൾ' എന്ന പ്രമേയത്തിൽ നടന്ന ഹദീസ് സമ്മേളനത്തിൽ അബ്ദു റഹ്മാൻ മദീനി അധ്യക്ഷത വഹിച്ചു. ഡോ. മിഷാൽ സലീം, എൻ. വി. സകരിയ്യ, കെ. എം. ഫൈസി തരിയോട്, മൻസൂർ അഹ്മദ് മദീനി, കെ. അബ്ദുൽ വഹാബ് സുല്ലമി, അർഷദ് സമാൻ കോട്ടക്കൽ എന്നിവർ സംസാരിച്ചു.

അജയ്യമാണ് സലഫി ആദർശം എന്ന പ്രമേയത്തിൽ വൈകുന്നേരം നടന്ന സമാപന സമ്മേശനം കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ഹനീഫ് കായക്കൊടി ഉദ്ഘാടനം ചെയ്തു. കേരള നദ്‌വത്തുൽ മുജാഹിദീൻ ട്രഷറർ നൂർ മുഹമ്മദ് നൂർഷ അധ്യക്ഷത വഹിച്ചു. ജംഇയത്തേ അഹ്‌ലുൽ ഖുർആൻ വൽ ഹദീസ് തമിഴ്‌നാട് ഘടകം ജനറൽ സെക്രട്ടറി മൗലാനാ നൂർ മുഹമ്മദ് മുഖ്യാതിഥിയായിരുന്നു. ജാമിഅ നദ്‌വിയ്യ ഡയറക്ടർ ആദിൽ അത്വീഫ് സ്വലാഹി, എ.പി അബ്ദു സമദ് സാഹിബ്, നൂർ മുഹമ്മദ് സേഠ്, പി.വി ആരിഫ് കോമ്പത്തൂർ, ഡോ. എ.ഐ അബ്ദുൽ മജീദ് സ്വലാഹി, ശരീഫ് മേലേതിൽ, അഹമദ് അനസ് മൗലവി, ഉസ്മാൻ നിസാമി, ഹർഷിൻ വാണിയമ്പലം സംസാരിച്ചു.

Summary: Beware of trying to bring Taliban style of banning women from public sphere in Kerala: MGM Women conference

Similar Posts