Kerala
തളിപ്പറമ്പ് സി.പി.എമ്മില്‍ വിഭാഗീയത രൂക്ഷം; മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജിവച്ചു
Kerala

തളിപ്പറമ്പ് സി.പി.എമ്മില്‍ വിഭാഗീയത രൂക്ഷം; മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജിവച്ചു

Web Desk
|
23 Oct 2021 2:04 AM GMT

തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ കമ്മറ്റിക്ക് കീഴിലെ ബ്രാഞ്ച് സെക്രട്ടറിമാരാണ് രാജിവച്ചത്

കണ്ണൂര്‍ തളിപ്പറമ്പില്‍ സി.പി.എമ്മിനുളളിലെ വിഭാഗീയത രൂക്ഷമാകുന്നു. പാര്‍ട്ടി നേതൃത്വത്തിന്‍റെ നടപടികളില്‍ പ്രതിഷേധിച്ച് മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജിവച്ചു. തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ കമ്മറ്റിക്ക് കീഴിലെ ബ്രാഞ്ച് സെക്രട്ടറിമാരാണ് രാജിവെച്ചത്. ലോക്കല്‍ കമ്മറ്റിക്ക് കീഴിലെ 32 പാർട്ടി അംഗങ്ങൾ രാജിക്കൊരുങ്ങുന്നതായാണ് സൂചന.

മുന്‍ ഏരിയ കമ്മറ്റി അംഗം കോമത്ത് മുരളീധരനെ അനുകൂലിക്കുന്ന മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരാണ് രാജി നല്‍കിയത്.പുളിമ്പമ്പ് പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി കെ മുകുന്ദന്‍,മാന്തം കുണ്ട് കിഴക്ക്, പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറിമാരായ കെ.സതീശന്‍,ഡി.എം ബാബു എന്നിവരാണ് രാജിവച്ചത്. കഴിഞ്ഞ ദിവസം നടന്ന ലോക്കല്‍ സമ്മേളനത്തില്‍ നിന്നും വിഭാഗീയത ആരോപിച്ച് മുരളീധരനും അനുയായികളും ഇറങ്ങി പോയിരുന്നു. തുടര്‍ന്ന് മുരളീധരനെ ഏരിയ സമ്മേളന പ്രതിനിധികളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കി.ഒപ്പം വിമത വിഭാഗത്തെ അനുകൂലിക്കുന്ന വി.പി സന്തോഷ്,ഐ .എം സവിത എന്നിവരെ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

പിന്നാലെ ലോക്കല്‍ സെക്രട്ടറിക്കെതിരെ ഒരു വിഭാഗം പോസ്റ്ററുകളും കരിങ്കൊടിയുമായി തെരുവിലിറങ്ങി. പ്രശ്ന പരിഹാരത്തിന് നേതൃത്വം ശ്രമം തുടരുന്നതിനിടെയാണ് മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരുടെ രാജി. ഇതിനൊപ്പം മുരളീധരനെ അനുകൂലിക്കുന്ന 37 പാര്‍ട്ടി അംഗങ്ങള്‍ അടുത്ത ദിവസം രാജിവച്ചേക്കുമെന്നാണ് സൂചന. സമ്മേളനവുമായി ബന്ധപ്പെട്ട് പാര്‍ട്ടി ശക്തി കേന്ദ്രമായ തളിപ്പറമ്പില്‍ ഉയര്‍ന്നുവന്ന വിഭാഗീയത സി.പി.എം ജില്ലാ നേതൃത്വത്തെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.


Related Tags :
Similar Posts