റേഷന്‍ വ്യാപാരികളുമായി ചര്‍ച്ച നടത്തി, കമ്മീഷന്‍ പൂര്‍ണമായും നല്‍കും: മന്ത്രി ജി.ആര്‍. അനില്‍
|റേഷന്‍ വ്യാപാരികൾക്ക് പ്രതിമാസം ലഭിക്കേണ്ട കമ്മീഷന്‍ അതത് മാസം തന്നെ പൂര്‍ണ്ണമായും നല്‍കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി സംഘടനാ പ്രതിനിധികളെ അറിയിച്ചു
തിരുവനന്തപുരം: കമ്മീഷന്‍ വിഷയവുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികൾ ശനിയാഴ്ച മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന കടയടപ്പ് സമരത്തിന്‍റെ പശ്ചാത്തലത്തില്‍ റേഷന്‍വ്യാപാരി സംഘടനാ നേതാക്കളുമായി ഭക്ഷ്യ വകുപ്പുമന്ത്രി ജി.ആര്‍. അനില്‍ ചര്‍ച്ച നടത്തി. റേഷന്‍ വ്യാപാരികൾക്ക് പ്രതിമാസം ലഭിക്കേണ്ട കമ്മീഷന്‍ അതത് മാസം തന്നെ പൂര്‍ണ്ണമായും നല്‍കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി സംഘടനാ പ്രതിനിധികളെ അറിയിച്ചു. ഒക്ടോബര്‍ മാസത്തെ കമ്മീഷന്‍ ഭാഗികമായി മാത്രം അനുവദിച്ചുകൊണ്ട് സിവില്‍ സപ്ലൈസ് കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലാക്കരുതെന്ന വ്യാപാരി സംഘടനാ നേതാക്കളുടെ ആവശ്യം മന്ത്രി അംഗീകരിച്ചു.
ഫണ്ടിന്‍റെ അപര്യാപ്തത മൂലമാണ് ഒക്ടോബറിലെ കമ്മീഷന്‍ ഭാഗികമായി അനുവദിച്ച് ഉത്തരവായത്. ഈ സാമ്പത്തിക വര്‍ഷത്തെ (2022-23) റേഷന്‍ വ്യാപാരി കമ്മീഷന്‍ ഇനത്തിലുള്ള ചെലവിലേക്കായി 216 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരുന്നത്. ഇത് ഈ ആവശ്യത്തിന് പര്യാപ്തമായിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ള ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിന്‍റെ കമ്മീഷനായി നല്‍കേണ്ടിവരുന്ന തുക ബജറ്റ് വകയിരുത്തലിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഈ വര്‍ഷം ഡിസംബര്‍ വരെ ഈ പദ്ധതി നീട്ടിക്കൊണ്ടുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ ആഗസ്റ്റിലാണ് പ്രഖ്യാപിച്ചത്. ഇതിനാലാണ് ഈ ചെലവ് മുന്‍കൂട്ടി കാണാന്‍ സംസ്ഥാന സര്‍ക്കാരിന് കാണാന്‍ കഴിയാതെപോയത്. റേഷന്‍വ്യാപാരികൾക്ക് കമ്മീഷനായി പ്രതിമാസം ശരാശരി 15 കോടി രൂപ ആവശ്യമാണ്. പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരമുള്ള ഭക്ഷ്യധാന്യ കമ്മീഷന്‍ കൂടി ചേരുമ്പോൾ 28 കോടി രൂപയോളം ആവശ്യമായി വന്നു. ഇതും മുടക്കം കൂടാതെ സെപ്റ്റംബര്‍ മാസം വരെ വ്യാപാരികള്‍ക്ക് നല്‍കി വന്നിട്ടുണ്ട്. കമ്മീഷന്‍ ഇനത്തില്‍ സെപ്റ്റംബര്‍ വരെ 105കോടി രൂപ നല്‍കേണ്ടിയിരുന്ന സ്ഥാനത്ത് റേഷന്‍ വ്യാപാരികൾക്ക് 196 കോടി രൂപ നല്‍കി കഴിഞ്ഞു. ഇതുമൂലം ഒക്ടോബര്‍ മാസത്തിലെ കമ്മീഷന്‍ പൂര്‍ണ്ണമായി നല്കാന്‍ അധികമായി തുക ധനകാര്യ വകുപ്പ് അനുവദിക്കേണ്ടതായിട്ടുണ്ട്. ആയതിനുവേണ്ടിയുള്ള നിര്‍ദ്ദേശം ഭക്ഷ്യ വകുപ്പ് ധനവകുപ്പിന് നല്കുകയും ഒക്ടോബര്‍ മാസത്തെ കമ്മീഷന്‍ പൂര്‍ണമായി തന്നെ താമസംവിനാ വിതരണം ചെയ്യാന്‍ കഴിയുമെന്ന് മന്ത്രി യോഗത്തെ അറിയിച്ചു. കടയടച്ച് സമരം ചെയ്യുന്നതില്‍ തങ്ങൾക്ക് താല്പര്യമില്ല എന്നും പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്നേയുള്ളൂ എന്നും സംഘടനാ പ്രതിനിധികൾ യോഗത്തില്‍ പറഞ്ഞു.
സാങ്കേതിക തകരാർ സുഗമമായ റേഷന്‍ വിതരണത്തെ ബാധിക്കാതിരിക്കുന്നതിനായി റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം നവംബര്‍ 25 മുതല്‍ 30 വരെ പുനക്രമീകരിക്കുന്നതായി മന്ത്രി യോഗത്തെ അറിയിച്ചു. വിവിധ ജില്ലകളിലെ പുതുക്കിയ സമയക്രമം താഴെപ്പറയും പ്രകാരമായിരിക്കുന്നതാണ്. മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ നവംബര്‍ 25, 28, 30 തീയതികളില്‍ രാവിലെ 8 മുതല്‍ 1 മണി വരെയും നവംബര്‍ 26, 29 തീയതികളില്‍ ഉച്ചയ്ക്കു ശേഷം 2 മണി മുതല്‍ 7 മണി വരേയും പ്രവര്‍ത്തിക്കുന്നതാണ്. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍ഗോഡ്, ഇടുക്കി ജില്ലകളില്‍ നവംബര്‍ 26, 29 തീയതികളില്‍ രാവിലെ 8 മുതല്‍ 1 മണി വരേയും നവംബർ 25, 28, 30 തീയതികളില്‍ ഉച്ചയ്ക്കുശേഷം 2 മണി മുതല്‍ 7 മണി വരേയും പ്രവര്‍ത്തിക്കുന്നതാണ്.